'അവർ ഞങ്ങളുടെ സഹോദരങ്ങൾ', ഇന്ത്യാ-പാക് ബന്ധം ഉലയുന്നതിനിടെ നിർണായക ഇടപെടലുമായി ഇറാൻ

Friday 25 April 2025 8:54 PM IST

ടെഹ്‌റാൻ: പാക് ഭീകരർ നടത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ, പാകിസ്ഥാനെതിരായ നടപടികൾ കടുപ്പിച്ചിരുന്നു.26 പേരുടെ ജീവൻ നഷ്‌ടമായ, നിരവധി പേർക്ക് പരിക്കേറ്റ ആക്രമണത്തിൽ പങ്കുള്ള ഭീകരരുടെ കാശ്‌മീരിലെ വീടുകൾ തക‌‌ർത്തും, പാക് പൗരന്മാരോട് ഉടൻ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടും ഇന്ത്യ കർശനമായാണ് മുന്നോട്ട് നീങ്ങുന്നത്. സിന്ധു നദീജല കരാർ മരവിപ്പിച്ച് പാകിസ്ഥാന് തുള്ളി വെള്ളം നൽകാതിരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വിവരം ഇപ്പോൾ പുറത്തുവരുന്നുണ്ട്.

മറുവശത്ത് പാകിസ്ഥാൻ ഇതുവരെ ആക്രമണത്തെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടില്ല. മാത്രമല്ല പടിഞ്ഞാറൻ രാജ്യങ്ങൾക്കും അമേരിക്കയ്‌ക്കും വേണ്ടി ഇന്ത്യയ്‌ക്കെതിരെ പല വൃത്തികേടുകളും ചെയ്‌തെന്ന് തുറന്നുസമ്മതിച്ച് അവർ കൂടുതൽ അപഹാസ്യരാകുകയും ചെയ്‌തു. ഇതിനിടെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിലെ വിള്ളൽ പരിഹരിക്കാൻ ശ്രമവുമായി മുന്നോട്ട് വരാൻ തയ്യാറായിരിക്കുകയാണ് ഇറാൻ.

ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ സഹോദര രാജ്യങ്ങളാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇറാൻ. 'വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്ത് ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം മികച്ചതാക്കാൻ ഇടപെടുന്നതിന് ഇറാൻ തയ്യാറാണ്.' ഇറാനിയൻ വിദേശകാര്യമന്ത്രി സയേദ് അബ്ബാസ് അരഖ്‌ചി പറഞ്ഞു.

'ഇന്ത്യയും പാകിസ്ഥാനും ഇറാന്റെ സഹോദര തുല്യരായ അയൽരാജ്യങ്ങളാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സാംസ്‌കാരികവും നാഗരികവുമായ ബന്ധം ആസ്വദിക്കുന്നവരാണ്. മറ്റ് അയൽക്കാരെപ്പോലെ ഞങ്ങൾ അവരെ പരിഗണിക്കുന്നു. ഈ വെല്ലുവിളികൾ നിറഞ്ഞ സമയത്ത് ഇരുവരുമായി നല്ല ധാരണയുണ്ടാക്കാൻ ശ്രമിക്കാൻ ഇറാൻ തയ്യാറാണ്.' സയേദ് അബ്ബാസ് സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ എക്‌സിൽ കുറിച്ചു.