ആദിപരപ്പേനെ വണങ്ങി പാലായി പരപ്പേൻ എത്തി; കോട്ടപ്പുറത്ത് ഇനി കളിയാട്ടനാളുകൾ
നീലേശ്വരം: വടക്കൻ കേരളത്തിലെ തെയ്യങ്ങളിൽ അതിപ്രധാന സ്ഥാനത്തുള്ള ശ്രീവിഷ്ണുമൂർത്തിയുടെ ആരൂഢസ്ഥാനമായ കോട്ടപ്പുറം ശ്രീ വൈകുണ്ഡക്ഷേത്രത്തിലേക്ക് കോലമണിയേണ്ടുന്ന ജന്മാവകാശി പാലായി പരപ്പേനുംസംഘവും ആചാരവിധി പ്രകാരം എത്തി. വിഷ്ണുമൂർത്തിയുടെ രൂപത്തെ സ്വപ്നദർശനം ലഭിച്ച ആദിപരപ്പേനെ അടക്കിയ പാലായി മലയൻകൊട്ടിലിൽ വിവിധ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം കാൽനടയായാണ് ഒന്നാംപരപ്പേനും സംഘവും ക്ഷേത്രത്തിലെത്തിയത്.
ഇന്നലെ വൈകുന്നേരം 3 മണിയോടെ പാലായിയിലെ പരപ്പേന്റെ കന്നിക്കൊട്ടിലിൽ അടിയന്തരാദി കർമ്മങ്ങൾ നടത്തിയ ശേഷമായിരുന്നു ചടങ്ങുകളുടെ തുടക്കം. പാലായി പാലാ കൊഴുവൽ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികർക്കും വാല്യക്കാർക്കും നാട്ടുകാർക്കും കൊടിയില കൊടുത്ത ശേഷം ആർപ്പ് വിളിയോടെയാണ് യാത്ര പുറപ്പെട്ടത്. തെളിയിച്ച കൈവിളക്കിന് പിന്നിൽ രുദ്രാക്ഷം ധരിച്ച് കച്ചും ചുരികയുമായി ഒന്നാം പരപ്പേനും തൊട്ടുപിന്നിലാണ് രണ്ടാംപരപ്പേനുമെന്ന നിലയിലാണ് കോട്ടപ്പുറത്തേക്കുള്ള യാത്ര. യാത്രയ്ക്ക് മുമ്പ് അവിടെ നിന്ന് വെള്ളിയടുക്കത്ത് എത്തി അല്പം വിശ്രമിച്ച ശേഷമാണ് കോട്ടപ്പുറം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. വഴി നീളെ ഭക്തർ പരപ്പേന്റെ കോട്ടപ്പുറത്തേക്കുള്ള യാത്ര കാണാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.രാത്രി 8 മണിക്ക് ശേഷമാണ് സംഘം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ സംഘത്തെ സ്ഥാനികരും വാല്യക്കാരും സ്വീകരിച്ചു.അതിന് ശേഷം കളിയാട്ട ദിവസങ്ങളിൽ കെട്ടിയാടാനുള്ള തെയ്യകോലങ്ങൾക്കുള്ള അടയാളം കൊടുക്കൽ ചടങ്ങും നടന്നു. രാത്രി പാലന്തായി കണ്ണൻ തെയ്യം കെട്ടിയാടി. ഇനിയുള്ള ദിവസങ്ങളിൽ വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, പാലന്തായി കണ്ണൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും.