സ്വകാര്യാശുപത്രികൾക്കെതിരെ പരാതിയുണ്ട്; അമിതഫീസിൽ നടപടിയില്ല
കണ്ണൂർ: സ്വകാര്യ ആശുപത്രികളിൽ ഏകീകൃതനിരക്കില്ലാതെ അമിത ചികിത്സാഫീസ് ഈടാക്കുന്നതിന്മേൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന് മുന്നിലെത്തിയത് 68 പരാതികൾ. പനി, ജലദോഷം എന്നിവയ്ക്ക് പോലും ഒ.പി ടിക്കറ്റും മരുന്നുമുൾപ്പെടെ ആയിരത്തോളം രൂപ ഈടാക്കുന്ന സാഹചര്യത്തിൽ വിഷയം കോടതിയുടെ മുന്നിലായതിനാൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല.
സ്വകാര്യ ആശുപത്രികളിലെ വിവിധ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാനും ഏകീകരിക്കാനും ഓരോ ചികിത്സക്കും ഈടാക്കുന്ന നിരക്ക് പ്രദർശിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടതാണ്. എന്നാൽ നടപടിക്കെതിരെ ചിലർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതോടെ തത് സ്ഥിതി തുടരേണ്ടിവരികയാണ്.
നിലവിൽ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന് ലഭിച്ച 68 പരാതികളിൽ മൂന്ന് ആശുപത്രികൾക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. കൊവിഡ് ചികിത്സക്ക് അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കാൻ കണ്ണൂർ ജില്ലാ രജിസ്ട്രേഷൻ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. മറ്റൊരു ആശുപത്രിക്ക് 10,24,040 രൂപ പിഴയും വിധിച്ചു. പക്ഷെ ചികിത്സാനിരക്ക് പ്രദർശിപ്പിക്കാതിരിക്കുന്നതിലും അമിത ഫീസ് ഈടാക്കുന്നതിനും നിലവിൽ നടപടി സ്വീകരിക്കാൻ അധികൃതർക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന് മുന്നിലെത്തിയ പരാതികളുടെ എണ്ണം 68
വിഷയം കോടതിയുടെ മുന്നിലാണ്..
സ്വകാര്യ ആശുപത്രികളിൽ ഓരോ ചികിത്സക്കും ഈടാക്കുന്ന നിരക്ക് പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബിഷ്മെന്റ് ആക്ടിലെ ചില വകുപ്പുകൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഇന്ത്യൻ ദന്തൽ അസോസിയേഷൻ, കേരള പ്രൈവറ്റ് ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ എന്നിവർ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് വരെ ആക്ടിന്റെ കീഴിൽ രജിസ്ട്രേഷൻ നേടിയാലും ഫീസ് പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധിക്കാൻ പാടില്ലെന്നാണ് കോടതി നിഷ്കർഷിച്ചിരിക്കുന്നത്. ഇക്കാരണത്താൽ ഫീസ് വിവരം പരസ്യപ്പെടുത്താത്ത ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കാൻ നിലവിൽ സർക്കാരിന് കഴിയാത്ത സാഹചര്യമാണുള്ളത്.
ചികിത്സാഭാരം കുറക്കാൻ സ്വകാര്യ ആശുപത്രികളിൽ നിരക്ക് പ്രദർശിപ്പിക്കുന്നതോടെ ചികിത്സാചിലവിൽ ഏകീകൃതനിരക്ക് ഉണ്ടാകുമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. ഇതോടെ ജനങ്ങൾക്ക് സാമ്പത്തിക ഭാരം താരതമ്യേന കുറയുമെന്നുമുള്ള കണക്കുകൂട്ടിയാണ് സർക്കാർ പട്ടിക പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചത്.