ഡോ.കസ്തൂരിരംഗൻ , വലിയ വിജയങ്ങളുടെ ആകാശ ശില്പി
വലിയ വിജയങ്ങൾക്ക് കൈയൊപ്പു ചാർത്തിയ ചെയർമാൻ എന്ന നിലയിൽ കസ്തൂരിരംഗന്റെ പേര് ഐ.എസ്.ആർ.ഒ.യിൽ എന്നും നിലനിൽക്കും. ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിൽ വളരെ ദീർഘകാലം ചെയർമാനായിരുന്നു ഡോ. കസ്തൂരിരംഗൻ. ഒൻപതുവർഷത്തോളം ഐ.എസ്.ആർ.ഒയുടെ സാരഥ്യം വഹിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിൽ പലതിന്റെയും വിജയത്തിനു പിന്നിൽ അദ്ദേഹത്തിന്റെ നിർണായകവും നേതൃത്വപരവുമായ പങ്കുണ്ടായിരുന്നു. പല പ്രോജക്ടുകളുടെയും ഡയറക്ടർ ആയിരുന്നു. ഉപഗ്രഹനിർമ്മാണത്തിനു വേണ്ട ഒരു സാങ്കേതിക വിദ്യയുടെ അടിസ്ഥാനമായി നിർമ്മിക്കുന്ന കോൺട്രിബ്യൂഷനിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളുടെ പേര് പ്രൊഫ. ഡോ. കസ്തൂരിരംഗന്റെ ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ പരിചയപ്പെടുന്നത് ഐ.എസ്.ആർ.ഒ ചെയർമാൻ എന്ന നിലയിലാണ്. ഞാൻ ഐ.എസ്.ആർ.ഒ.യിൽ ചേർന്ന സമയത്തുതന്നെയാണ് അദ്ദേഹം യു.ആർ. റാവുവിൽ നിന്ന് ചെയർമാൻസ്ഥാനം ഏറ്റെടുക്കുന്നത്. 2003-ൽ അദ്ദേഹം ചെയർമാൻ സ്ഥാനത്തു നിന്ന് മാറുന്നതു വരെ എന്റെ കരിയറിൽ വലിയൊരു കാലഘട്ടത്തിൽ അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാൻ ആയിരുന്നു. ആ സമയത്താണ് യു.ആർ റാവുവിന്റെ കാലത്ത് വികസനത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്ന എ.എസ്.എൽ.വി വിജയകരമായി വിക്ഷേപിച്ചത്. പിന്നീട് പി.എസ്. എൽ.വിയുടെ വിജയകരമായ വിക്ഷേപണവും 1994- ൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടന്നു. പി.എസ്.എൽ.വി പ്രോജക്ടിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പല വിക്ഷേപണ സമയത്തും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു. അക്കാലത്ത് ലോഞ്ചിൽ ചില തടസങ്ങളും പ്രയാസങ്ങളും ഉണ്ടായപ്പോൾ അദ്ദേഹം എങ്ങനെയാണ് അതു മറികടന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നും എനിക്ക് നല്ല ഓർമ്മയുണ്ട്. പിന്നീട് പ്രതിസന്ധി ഘട്ടങ്ങളിൽ തുണയായ പല സമീപനങ്ങളും പഠിച്ചത് ഡോ. കസ്തൂരിരംഗനിൽ നിന്നാണ്. ചെറുപ്പക്കാരായ ഞങ്ങളെയൊക്കെ എങ്ങനെയാണ് മോട്ടിവേറ്റ് ചെയ്തതെന്നും എല്ലാം എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. ഇപ്പോഴും ഏറ്റവും പ്രധാനമായി ഞാൻ ഓർക്കുന്നത് പി.എസ്.എൽ.വി മാർക്ക്- 3 റോക്കറ്റിന്റെ പ്രോജക്ട് റിപ്പോർട്ട് എഴുതുന്ന സമയത്തെ സംഭവങ്ങളാണ്. അത് പല പ്രാവശ്യം അതിന്റെ ചെയർമാനായിരുന്ന രാമകൃഷ്ണൻ സാറും കൂടി എത്രയോ മീറ്റിംഗുകളിൽ അദ്ദേഹത്തിന് പ്രസന്റ് ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ നിർണായകമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രോജക്ട് റിപ്പോർട്ടിന്റെ തയ്യാറാക്കലിൽ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. കാര്യങ്ങൾ പറയാനും അവതരിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ മികച്ചതായിരുന്നു. ഒരു പ്രസംഗകൻ എന്ന നിലയിലും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിലുമെല്ലാം അദ്ദേഹം വളരെ മിടുക്കനായിരുന്നു. ഒരിക്കൽ അദ്ദേഹം സ്പേസും ജിയോ പോളിറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനോഹരമായ ഒരു പ്രസംഗം നടത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് അമേരിക്കൻ ഡെലിഗേറ്റുകളുടെയൊക്കെ മുന്നിൽവച്ച് മുൻകൂട്ടി തയ്യാറാക്കാതെ പോലും വളരെ മനോഹരമായി വളരെയധികം പോയിന്റുകൾ ഉൾപ്പെടുത്തിയാണ് സംസാരിച്ചത്. ഐ.എസ്.ആർ.ഒയിൽ വന്നതിനുശേഷവും എം.പിയായിട്ടും പ്ലാനിംഗ് കമ്മിഷൻ അംഗമായിരിക്കുന്ന സമയത്തും പലപ്പോഴും സംസാരിക്കേണ്ടി വന്നപ്പോഴെല്ലാം അടുത്ത ബന്ധത്തോടെ എന്നോട് പെരുമാറിയിട്ടുണ്ട്. റിട്ടയർ ചെയ്തശേഷവും ബംഗളൂരുവിൽ ചില അസൈൻമെന്റുകൾ ഉണ്ടായിരുന്നു. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അദ്ദേഹം അവസാന കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ പോകാനും പലപ്പോഴും ദീർഘമായി സംസാരിക്കാനും ബന്ധപ്പെടാനുമൊക്കെ എനിക്കു കഴിഞ്ഞിട്ടുണ്ട്. വളരെ സ്നേഹത്തോടെയും സൗമനസ്യത്തോടെയും എന്നെ കേൾക്കാനും പലകാര്യങ്ങളിലും വഴികാട്ടാനുമൊക്കെ ശ്രമിച്ചിട്ടുണ്ട്. വ്യക്തിപരമായി ഞങ്ങളെയൊക്കെ ഒന്നിച്ച് ട്രീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രയാസം പിടിച്ച കാലഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ ഡിപ്പാർട്ടുമെന്റിൽ നിന്ന് ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഡോ. കസ്തൂരിരംഗന്റെ വിയോഗം ഐ.എസ്.ആർ.ഒ കുടുംബത്തിനുണ്ടായ വലിയൊരു നഷ്ടമായി ഞാൻ കണക്കാക്കുന്നു. ആ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.