സന്നിധാനത്ത് ഇനി രതീശൻ ആചാരിയുടെ ശ്രീ അയ്യപ്പ ശിൽപ്പവും

Friday 25 April 2025 10:06 PM IST

തലശ്ശേരി: പ്രശസ്ത ക്ഷേത്രശിൽപ്പി രതീശൻ ആചാരി ഒറ്റത്തടിയിൽ കൊത്തിയെടുത്ത ധർമ്മശാസ്താവിന്റെ ദാരുശിൽപ്പം ഇനി ശബരിമല സന്നിധാനത്ത്. അഞ്ചുമാസം വ്രതശുദ്ധി പാലിച്ചാണ് അഞ്ച് അടി ഉയരമുള്ള ശില്പം അതിസൂക്ഷ്മതയോടെ പൂർത്തിയാക്കിയത്.

സന്നിധാനത്തിൽ ശബരിമല മേൽ ശാന്തി ടി.എസ് അരുൺകുമാർ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ ശിൽപ്പി രതീശൻ ആചാരിയെ ദേവസ്വം മന്ത്രി വി.എൻ.വാസവൻ അനുമോദിച്ചു. അയ്യപ്പഭക്തനായ വാരത്തെ ദിനേശൻ നായരാണ് ധർമ്മശാസ്താവിന്റെ ശിൽപ്പം സ്‌പോൺസർ ചെയ്തത്.

വാരത്തെ കാവുള്ള പുരയിൽ കല്യാടവളപ്പിലെ വീടിനടുത്തുള്ള ശാസ്താംകോട്ടം ശിവക്ഷേത്രത്തിൽ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃത കൃപാനന്ദ പുരി,​ഈശ്വരൻ നമ്പൂതിരി തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് അയ്യപ്പ ശില്പത്തെ ശബരിമലയിലേക്ക് അയച്ചത്. തിരുവനന്തപുരം അമൃത ശിൽപ്പകലാ വിദ്യാലയത്തിൽ നിന്നും ശിൽപ്പകലയിൽ വൈദഗ്ധ്യം നേടിയ രതീശൻ മാഹി ശ്രീകൃഷ്ണ ക്ഷേത്രം, വാരംശാസ്താംകോട്ടം ശിവക്ഷേത്രം,നിടുമ്പ്രം തെയ്യം കലാ അക്കാഡമി, പറശ്ശിനിക്കടവ് മഠപ്പുര എന്നിവിടങ്ങളിൽ ശിൽപ്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അമൃതാനന്ദമഠത്തിന് വേണ്ടി ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിലും ഇദ്ദേഹം ശില്പം നിർമ്മിച്ചിട്ടുണ്ട്.