നീറ്റ് - യു.ജി ചോദ്യപേപ്പർ ചോർച്ച; മുഖ്യ പ്രതി അറസ്റ്റിൽ

Saturday 26 April 2025 4:44 AM IST

ന്യൂഡൽഹി: 2024ലെ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യ പ്രതിയായ സഞ്ജീവ് മുഖിയയെ അറസ്റ്റ് ചെയ്ത് ബീഹാർ എക്കണോമിക് ഒഫൻസ് യൂണിറ്റ്. വ്യാഴാഴ്ച രാത്രിയോടെയാണ് മുഖിയയെ അറസ്റ്റ് ചെയ്തതെന്ന് ബീഹാർ ഇ.ഒ.യു അഡിഷണൽ ഡയറക്ടർ ജനറൽ നയ്യാർ ഹുസൈൻ ഖാൻ പറഞ്ഞു. ഏപ്രിൽ ഒമ്പതിന് മുഖിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് ബീഹാർ പൊലീസ് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രധാന പരീക്ഷാ തട്ടിപ്പുകൾ,കോൺസ്റ്റബിൾ നിയമന അഴിമതി,അദ്ധ്യാപക നിയമന അഴിമതി,തീർപ്പാക്കാത്ത മറ്റ് ക്രിമിനൽ കേസുകൾ എന്നിങ്ങനെ നിരവധി കേസുകൾ സഞ്ജീവിനെതിരെയുണ്ട്.

2024 ഒക്ടോബറിലാണ് നീറ്റ് പേപ്പർ ചോർച്ച കേസിൽ സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മേയ് അഞ്ചിന് ഹസാരിബാഗിലെ നീറ്റ് പരീക്ഷ കേന്ദ്രമായ ഒയാസിസ് സ്കൂളിലെ കൺട്രോൾ റൂമിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഫോറൻസിക് പരിശോധനയിലൂടെയാണ് ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചത്.