ഡോ.കസ്തൂരിരംഗൻ അന്തരിച്ചു

Saturday 26 April 2025 4:03 AM IST

ബംഗളൂരു: ഐ.എസ്.ആർ.ഒ മുൻ ചെയർമാനും വിദ്യാഭ്യാസ, പരിസ്ഥിതി വിദഗ്ദ്ധനുമായ ഡോ.കെ.കസ്തൂരിരംഗൻ (84) അന്തരിച്ചു. പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിക്കപ്പെട്ട കമ്മിഷന്റെ ചെയർമാനായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്‌കാരങ്ങൾക്കും ചുക്കാൻപിടിച്ചു. ഇന്നലെ രാവിലെ 10.43ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.

ഭൗതികശരീരം ഇന്ന് ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ 10ന് ബംഗളൂരുവിൽ സംസ്കാരം. കൊച്ചി ചിറ്റൂർ റോഡ് സമൂഹത്ത് മഠത്തിൽ കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനാണ്. പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നേടി.

1994 മുതൽ 2003വരെ ഐ.എസ്.ആർ.ഒ ചെയർമാനായിരുന്നു. ഈ കാലയളവിലാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. സ്പേസ് കമ്മിഷൻ, കേന്ദ്ര ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 2003 മുതൽ 2009വരെ രാജ്യസഭ എം.പിയായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രാജേഷ്,സഞ്ജയ്.