ഭീകരൻ ആദിലിന്റെ അമ്മ പറയുന്നു, 'അവൻ കൊല്ലപ്പെടണം, അല്ലെങ്കിൽ കീഴടങ്ങണം'

Saturday 26 April 2025 4:06 AM IST

ആദിൽ ഹുസൈൻ തോക്കറിന്റെ അമ്മ ഷെഹസാദ

ശ്രീനഗർ: മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും കുഴപ്പമില്ല. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ സംഘത്തിലെ ആദിൽ ഹുസൈൻ തോക്കറിന്റെ അമ്മ ഷെഹസാദയുടെ വാക്കുകളിൽ മകനെയോർത്തുള്ള അപമാനഭാരവും രാജ്യത്തോടുള്ള കൂറും പ്രകടം.

ആദിൽ ഹുസൈനെക്കുറിച്ച് എട്ട് വർഷമായി ഒരു വിവരവും വീട്ടുകാർക്കില്ല. കാശ്മീരിലെ ബിജ് ബഹേര സ്വദേശിയാണ് ഇയാൾ. ത്രാൽ സ്വദേശിയായ ആസിഫാണ് ആക്രമണത്തിൽ പങ്കെടുത്ത മറ്റൊരു പ്രാദേശിക ഭീകരൻ. ഇരുവരുടെയും വസതികൾ വ്യാഴാഴ്ച രാത്രി സുരക്ഷാ സേന സ്ഫോടനം നടത്തി തകർത്തിരുന്നു. വീടുകളിൽ ഉണ്ടായിരുന്നവരെ സ്ഫോടനത്തിന് മുമ്പ് മാറ്റി.

കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ആദിലിന്റെ അമ്മ പറഞ്ഞു. ഞാനും മറ്റു രണ്ടു മക്കളും അവരുടെ കുട്ടികളുമാണ് അധികൃതർ തകർത്ത വീട്ടിൽ താമസിച്ചിരുന്നത്. വീടിന് അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലാണ്

ആദിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നത്. ബിരുദാനന്തര ബിരുദധാരിയാണ്.

2018ലാണ് വാഗ അട്ടാരി അതിർത്തിയിലൂടെ ആദിൽ പാകിസ്ഥാനിലെത്തിയത്. ഭീകര പ്രവർത്തനത്തിൽ പരിശീലനം നേടിയശേഷം കഴിഞ്ഞ വർഷമാണ് ജമ്മു കാശ്മീരിലേക്ക് മടങ്ങിയെത്തിയതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാകിസ്ഥാൻ ഭീകരരുടെ ഗൈഡായും ഇയാൾ പ്രവർത്തിച്ചിരുന്നതായാണ് വിവരം.