52 കാരിയെ ഷോക്കടിപ്പിച്ചു കൊന്ന കേസ്: 32 കാരൻ ഭർത്താവിന് ജീവപര്യന്തം
നെയ്യാറ്റിൻകര: ആറാലുംമൂട് അരുൺ നിവാസിൽ ശശിധരന്റെ മകൻ അരുണി (32)നെ കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവിനും 2 ലക്ഷം രൂപ പിഴ അടയ്ക്കാനും അഡിഷണൽ ജില്ലാ ജഡ്ജി എ.എം. ബഷീർ വിധിച്ചു. കുന്നത്തുകാൽ,ത്രേസ്യാപുരം പ്ലാങ്കാല പുത്തൻവീട്ടിൽ ഫിലോമിനയുടെ മകൾ ശാഖാകുമാരി (52) കൊല്ലപ്പെട്ട കേസിലാണ് വിധി. 2020 ഡിസംബർ 26ന് പുലർച്ചെ 1.30 നാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ശാഖാകുമാരിയുടെ ഭർത്താവാണ് പ്രതി അരുൺ. അരുൺ തിരുവനന്തപുരം നഗരത്തിലെ ചില ആശുപത്രികളിൽ ഇലക്ട്രീഷ്യൻ ആയിരുന്നു. തന്റെ സ്വത്തുക്കൾക്ക് അവകാശിയായി ഒരു കുഞ്ഞു ജനിക്കണം എന്ന ആഗ്രഹമാണ് അരുണുമായുള്ള പ്രണയത്തിലും വിവാഹത്തിലും കലാശിച്ചത്.. 2020 ഒക്ടോബർ 29 നായിരുന്നു വിവാഹം. ക്രിസ്ത്യൻ മതാചാരപ്രകാരം നടന്ന വിവാഹത്തിൽ വരന്റെ ഭാഗത്തുനിന്നു ഒരു സുഹൃത്ത് മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. കുട്ടികൾ വേണമെന്ന ആവശ്യത്തിൽ പ്രതി വിമുഖത കാണിച്ചിരുന്നു. . തെളിവില്ലാതെ ശാഖാകുമാരിയെ കൊലപെടുത്തിക്കൊണ്ട് നിയമപരമായ ഭർത്താവ് എന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു പ്രതിയുടെ ഉദ്ദേശ്യം. ഡിസംബർ 25 ന് ക്രിസ്മസ് രാത്രിയിൽ പ്രതി ഭാര്യയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. ബെഡ്റൂമിൽ വച്ച് അരുൺ ബലം പ്രയോഗിച്ചു ശാഖാകുമാരിയുടെ വായും മുഖവും അമർത്തി ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം വലിച്ചിഴച്ച് വീടിന്റെ ഹാളിൽ കൊണ്ട് ചെന്ന് കിടത്തി പ്ലഗും വയറും ഉപയോഗിച്ച് സമീപത്തെ ഷോകെയ്‌സിലെ ഇലക്ട്രിക് സോക്കറ്റിൽ വയർ ഘടിപ്പിച്ചു ശാഖാകുമാരിയുടെ വലതു കൈത്തണ്ടയിലും, മൂക്കിലും കറന്റ് കടത്തിവിട്ട് കൊലപ്പെടുത്തുകയായിരുന്നു. 6 മണിയോട് കൂടി അരുൺ തൊട്ടടുത്തുള്ള കമലം, ജസീന്ത തുടങ്ങിയ ആളുകളെ വീട്ടിൽ പോയി വിളിച്ചു കൊണ്ട് വന്ന് മൃതദേഹം കാണിക്കുകയായിരുന്നു. അവരുടെ നിർദ്ദേശത്തെ തുടർന്നാണ് മൃതദേഹത്തിൽ നിന്നു സ്വിച്ച് ഓഫ് ചെയ്ത് വയറുകൾ മാറ്റിയത്. ഇത് നാട്ടുകാരിൽ സംശയമുണർത്തിയിരുന്നു. . ശാഖാകുമാരിക്ക് ജീവനുണ്ടെന്നു നാട്ടുകാരെ വിശ്വസിപ്പിച്ച് അവരുമൊത്തു കാറിൽ കാരക്കോണം മെഡിക്കൽ കോളേജിൽ ബോഡി എത്തിക്കുകയും അവിടെ പരിശോധിച്ച ഡോക്ടർ മണിക്കൂറുകൾക്ക് മുൻപുതന്നെ മരണം സംഭവിച്ചതായി സ്ഥീരികരിച്ചു കൊണ്ട് വെള്ളറട പൊലീസ് സ്റ്റേഷനിൽ ഇന്റിമേഷൻ അയച്ചു കൊടുത്തതാണ് കേസിലെ വഴിത്തിരിവ്. വിധി പറയും മുൻപായി പ്രതി കോടതിയോട് ദയ യാചിച്ചു. എന്നാൽ ഇത് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യം ആണെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ദൃക് സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും ആണ് പ്രോസീക്യൂഷൻ ആശ്രയിച്ചത്. സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പി.കെ.ഉഷാകുമാരി, കുന്നത്തുകാൽ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ സുമ എന്നിവരാ യിരുന്നു പ്രധാന സാക്ഷികൾ. പോസ്റ്റ്‌മോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ പൊലീസ് സർജൻ ഡോ.എസ്.ഷാരിജ കോടതിയിൽ നൽകിയ മൊഴി നിർണ്ണായകമായി.ഇൻസ്‌പെക്ടർ എം. ശ്രീകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിൽ ഫയൽ ചെയ്തത്. പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ, അഡ്വ.മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.
ഫോട്ടോ :...
പ്രതി അരുൺ