അദ്ധ്യാപകനെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Saturday 26 April 2025 2:17 AM IST

തിരുവനന്തപുരം: അപകട വിവരം അന്വേഷിച്ച് വീടിന് മുന്നിലെ റോഡിൽ നിൽക്കുകയായിരുന്ന അദ്ധ്യാപകനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കെ.പി.എസ്.ടി.എ. പൊങ്ങുമൂട് ഗവ.എൽ.പി.എസ് അദ്ധ്യാപകനും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ഉപജില്ലാ സെക്രട്ടറിയുമായ ജെ.എസ്.പ്രമോദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കുറ്റക്കാരായ എസ്.ഐ ജയേഷിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കഴിഞ്ഞ 21ന് രാത്രി 7.50ന് തന്റെ വീടിന് സമീപം അപകടം നടന്നതറിഞ്ഞ് റോഡിൽ നിൽക്കുമ്പോൾ സ്ഥലത്തെത്തിയ പൊലീസ് അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ്‌ എ.ആർ.ഷമീം,സെക്രട്ടറി എൻ.സാബു,ട്രഷറർ ബിജു ജോബായ് എന്നിവർ അറിയിച്ചു. അതേസമയം,​ അദ്ധ്യാപകന്റെ പരാതിയിൽ പേരൂർക്കട പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.