നാഷണൽ ഹെറാൾഡ് കേസ് രാഹുലിനും സോണിയക്കും നോട്ടീസ് അയക്കാൻ വിസമ്മതിച്ച് കോടതി
ആദ്യം രേഖകൾ സമർപ്പിക്കൂയെന്ന് ഇ.ഡിയോട് കോടതി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും,സോണിയ ഗാന്ധിക്കും നോട്ടീസ് അയക്കാൻ ഡൽഹി റൗസ് ഹൗസ് കോടതി ഇന്നലെ തയ്യാറായില്ല. ഇ.ഡിയുടെ ആവശ്യം സ്‌പെഷ്യൽ ജഡ്‌ജി വിശാൽ ഗോഗ്‌നെ നിരസിച്ചു. നിയമപ്രകാരം പ്രതികളുടെ ഭാഗവും കൂടി കേട്ട ശേഷമേ കുറ്റപത്രം സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കാനാവൂ. എന്നാൽ,കുറ്റപത്രത്തിൽ പറയുന്ന ചില രേഖകൾ ഇ.ഡി സമർപ്പിച്ചിട്ടില്ല. ആദ്യം ആ രേഖകൾ കോടതിക്ക് കൈമാറൂ. അതിനുശേഷം നോട്ടീസ് അയക്കണമോയെന്നതിൽ തീരുമാനമെടുക്കാമെന്ന് പ്രത്യേക ജഡ്‌ജി വ്യക്തമാക്കി. മേയ് രണ്ടിന് വീണ്ടും പരിഗണിക്കും.
ഏപ്രിൽ 9നാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദ,രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റി സുമൻ ദുബെ തുടങ്ങിയവർ കേസിൽ കൂട്ടുപ്രതികളാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വിവിധ വകുപ്പുകളാണ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.