ഐ.ടി ജോലികൾക്ക് സൗജന്യ പ്ളാറ്റ്ഫോം  'ലോഞ്ച് പാഡ്'

Saturday 26 April 2025 12:21 AM IST

തിരുവനന്തപുരം: ഐ.ടി മേഖലയിൽ നൂതനമായ തൊഴിലുകൾ കണ്ടെത്താൻ സൗജന്യ ഓൺലൈൻ പ്ലാറ്റ്ഫോം. ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കാണ് (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) സർക്കാരിന്റെ പിന്തുണയോടെ 'ലോഞ്ച്പാഡ്" എന്ന പ്ലാറ്റ്ഫോം ആവിഷ്കരിച്ചത്.

ജൂലായിൽ പ്രവർത്തനസജ്ജമാകും. നിലവിലുള്ള തൊഴിൽ പ്ലാറ്റ്ഫോമുകളിൽ അഡ്വാൻഡ്സ് സേവനങ്ങൾ ലഭിക്കാൻ പണമടയ്ക്കണം. ലോഞ്ച്പാഡിൽ എല്ലാം സൗജന്യമായിരിക്കും.

നാലുവർഷം മുൻപ് ജി-ടെക് പുറത്തിറക്കിയ മ്യൂലേൺ (//mulearn.org/) എന്ന വെബ്സൈറ്റ് ലോഞ്ച്പാഡിന്റെ ആദ്യഘട്ടം കൈകാര്യം ചെയ്യും. ജോലി ലഭിക്കാൻ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ, പഠനരീതി എന്നിവയെല്ലാം മ്യൂലേൺ വെബ്സൈറ്റിലൂടെ മനസിലാക്കാം. ഓരോമേഖലയിലെയും വിദഗ്ദ്ധർ മ്യൂലേണിൽ മെന്റർഷിപ്പ് നൽകും. ചെറിയ ഗ്രൂപ്പുകളായി വിദ്യാർത്ഥികൾക്ക് പരസ്പരം സഹായിച്ച് പഠിക്കാം. വെബ്സൈറ്റുകളും പ്രോഡക്ടുകളും നിർമ്മിക്കാം. തുടർന്ന് വിദ്യാർത്ഥികൾക്ക് കഴിവും യോഗ്യതയും വച്ച് ലോഞ്ച്പാഡിൽ രജിസ്റ്റർ ചെയ്യാം. ടെക്നോപാർക്ക് (തിരുവനന്തപുരം), ഇൻഫോപാർക്ക്(കൊച്ചി), സൈബർ‌പാർക്ക് (കോഴിക്കോട്) എന്നീ ഐ.ടി പാർക്കുകളിലെ കമ്പനികൾക്ക് നൈപുണ്യമുള്ളവരെ കണ്ടെത്താം. അഭിമുഖപരീക്ഷയിലൂടെ ജോലി നൽകാം. 45,000 വിദ്യാർത്ഥികളാണ് മ്യൂലേണിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കാര്യം മാർക്കിലല്ല

നൈപുണ്യശേഷിയും പ്രായോഗികബുദ്ധിയുമുള്ളവർക്ക് പരീക്ഷകളിൽ ഉയർന്ന മാർക്ക് എല്ലായിപ്പോഴും ലഭിക്കണമെന്നില്ല. ലോഞ്ച്പാഡിലൂടെ ഇത്തരക്കാർക്കും അവസരം ലഭിക്കും. പ്ലേസ്മെന്റ് ട്രെയിനിംഗിന് പോകാനുള്ള സാമ്പത്തികമില്ലാത്തവർക്കും സഹായകമാകും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സത്യമാണോയെന്ന് അറിയാൻ ലോഞ്ച്പാ‌ഡിൽ മെന്റർമാർ വിദ്യാർത്ഥികളുടെ അക്കൗണ്ടുകൾ വെരിഫൈ ചെയ്തിരിക്കും. കേരള നോളജ് ഇണോമി മിഷൻ,ആഗോള ഓൺലൈൻ പ്ലാറ്റ്‌ഫോമായ കോർസെറ,ലിങ്ക്ഡ്ഇൻ എന്നിവരും സഹകരിക്കുന്നുണ്ട്.

നിർമ്മിതബുദ്ധിയുടെ കാലത്ത് ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ ഉദ്യോഗാർത്ഥികൾക്ക് വളരാൻ അവസരമൊരുങ്ങും.

-ദീപു എസ്.നാഥ്,

മ്യൂലേൺ ചീഫ് വോളണ്ടിയർ

ഐ.ടി മേഖലയിലെ പ്രതിഭകളെ വളർത്തുന്നതിൽ ഇത്തരം സംരംഭങ്ങൾ സഹായിക്കും.

-റിട്ട.കേണൽ സഞ്ജീവ് നായർ,

സി.ഇ.ഒ, ടെക്‌നോപാർക്ക്