പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭീകരതയെ പരാജയപ്പെടുത്താൻ രാജ്യം ഒന്നിച്ചു നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കാശ്‌മീരിലെത്തിയ രാഹുൽ പഹൽഗാം ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ലെഫ്റ്റനറ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ വൈകിട്ട് നടത്തിയ മെഴുകുതിരി മാർച്ചിനും അദ്ദേഹം നേതൃത്വം നൽകി.
ജമ്മു കാശ്മീരിലെ മുഴുവൻ ജനങ്ങളും ഭയാനകമായ പ്രവൃത്തിയെ അപലപിക്കുകയും രാഷ്ട്രത്തിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. ലെഫ്. ഗവർണർ മനോജ് സിൻഹയുമായും മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയുമായും കൂടിക്കാഴ്‌ച നടത്തിയ രാഹുൽ സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു. പഹൽഗാം സംഭവം സമൂഹത്തെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്നും അതിനാൽ ഓരോ ഇന്ത്യക്കാരനും ഐക്യത്തോടെ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം അറിയാനും സഹായിക്കാനുമാണ് താൻ ഇവിടെ വന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.