പൂരവിളംബരം നടക്കുന്നത് നിലപാട് തറയിൽ

Saturday 26 April 2025 12:53 AM IST
നിലപാട് തറ

  • ആചാരം തെക്കേ ഗോപുര നടയിലൊതുങ്ങുന്നു

തൃശൂർ : ആചാരപ്പെരുമയേറിയ പൂരത്തിന്റെ ഭാഗമായി നടക്കുന്ന പൂരവിളംബരം തെക്കേഗോപുര നട തുറക്കുന്നതിലേക്ക് ഒതുക്കുന്നു. പൂരവിളംബരം നടക്കുന്നത് നിലപാട് തറയിലാണ്. പൂരത്തിന്റെ വിളംബരമറിയിച്ച് നെയ്തലക്കാവിലമ്മ പൂരത്തലേന്നെത്തി തെക്കെ ഗോപുര നട തുറന്ന് ശ്രീമൂല സ്ഥാനത്തിന് മുന്നിലുള്ള നിലപാടു തറയിലെത്തി വടക്കുന്നാഥന് അഭിമുഖമായി നിന്ന് അടിയന്തര മാരാർ വലംതല കൊട്ടി മൂന്ന് തവണ ശംഖ് വിളിക്കുന്നതാണ് പൂരം വിളംബരം.

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ പൂരം വിളംബരം നടത്തി എന്ന രീതിയിൽ പ്രചാരണം തുടങ്ങിയത്. പൂരദിവസം ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിനടക്കം വടക്കുന്നാഥനിലേക്ക് കടന്നുവരുന്നതിനാണ് തെക്കേ ഗോപുര നട തുറക്കുന്നത്. പൂരത്തലേന്ന് രാവിലെ എട്ടരയോടെ നെയ്തലക്കാവിലമ്മ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലൂടെ സ്വരാജ് റൗണ്ടിലെത്തി പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ തേക്കിൻകാട്ടേക്ക് പ്രവേശിക്കും. മണികണ്ഠനാലിലെത്തുന്നതോടെ മേളമാരംഭിക്കും.

ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് ചെമ്പട കൊട്ടി അകത്തേക്ക് പ്രവേശിക്കും. വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് തെക്കേ ഗോപുര നടയിലെത്തും. കേളി, പറ്റ് എന്നിവയ്ക്ക് ശേഷമാണ് തെക്കേ ഗോപുര നട തുറക്കുക. തുടർന്ന് വീണ്ടും തെക്കോട്ടിറങ്ങി ശ്രീമൂല സ്ഥാനത്തെത്തിയ ശേഷം ഇടതുവശത്തുള്ള നിലപാടു തറയിലെത്തി വിളംബരമറിയിക്കുന്നതോടെ ചടങ്ങ് പൂർത്തിയാവുക. ശക്തൻ തമ്പുരാൻ പൂരത്തിന് തുടക്കം കുറിച്ചപ്പോൾ നിലപാട് തറയിലായിരുന്നു ഇരുന്നതെന്നും പറയുന്നു.

ആദ്യകാലങ്ങളിൽ തിരുവമ്പാടി -പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞിരുന്നതും നിലപാട് തറയിൽ വച്ചായിരുന്നു. ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭത്തിനടുത്താണ് ഉപചാരം ചൊല്ലൽ. ഏതാനും വർഷം മുമ്പ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ഗോപുര വാതിൽ തുറയ്ക്കാനെത്തിയതോടെയാണ് ചടങ്ങിന് പ്രചാരം ലഭിച്ചത്. മേയ് അഞ്ചിനാണ് പൂര വിളംബരം. മേളത്തിന് കക്കാട് രാജപ്പൻ പ്രമാണം വഹിക്കും.

എല്ലാ ദേവീദേവന്മാരും നിലപാട് തറയിൽ

തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർക്ക് പുറമേ പൂരത്തിനെത്തുന്ന എല്ലാ ദേവീദേവന്മാരും ശ്രീമൂല സ്ഥാനത്തിന് കിഴക്ക് ഭാഗത്തുള്ള നിലപാട് തറയിലെത്തി അവിടെ വച്ച് വടക്കുന്നാഥനെ വണങ്ങിയാണ് തിരിച്ചുപോകുക. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഉപചാരം ചൊല്ലി പിരിയും മുമ്പ് നിലപാട് തറയിലെത്തും.

യഥാർത്ഥത്തിൽ പൂരവിളംബരം എന്നത് നിലപാടുതറയിൽ നടക്കുന്ന ചടങ്ങിനെയാണ്. നെയ്തലക്കാവിലമ്മ ഇവിടെയെത്തി മാരാർ ശംഖ് വിളിക്കുന്നതാണ് ചടങ്ങ്. ആദ്യകാലങ്ങളിൽ എല്ലാ ഉപചാരങ്ങളും നിലപാട് തറയിലായിരുന്നു.

ഹരിഹരൻ ക്ഷേത്രോപദേശക സമിതി സെക്രട്ടറി വടക്കുന്നാഥൻ.