വലിയ ഇടയന് യാത്രയേകാൻ ലോകം
വത്തിക്കാൻ: ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ഫ്രാൻസിസ് മാർപാപ്പയെ (88) അവസാനമായി ഒരുനോക്കു കാണാൻ വത്തിക്കാനിലേക്ക് ഒഴുകിയെത്തി വിശ്വാസി സമൂഹം. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്ക് മുന്നിലാണ് അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകൾ.
തുടർന്ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ഭൗതികദേഹം സംസ്കരിക്കും. സെന്റ് പീറ്രേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ ഭൗതികശരീരത്തിന് മുന്നിൽ ആദരമർപ്പിക്കാൻ വിശ്വാസികൾക്ക് അനുവദിക്കപ്പെട്ട അവസാന ദിനമായിരുന്നു ഇന്നലെ. സെന്റ് പീറ്രേഴ്സ് ചത്വരത്തിനും സമീപ റോഡുകളിലേക്കും വിശ്വാസികളുടെ നിര നീണ്ടു. തിരക്കുമൂലം വ്യാഴാഴ്ച രാത്രി വൈകിയും വിശ്വാസികൾക്ക് ദർശനം അനുവദിച്ചിരുന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിക്കൂർ മാത്രമാണ് സന്ദർശകരെ പ്രവേശിപ്പിക്കാതിരുന്നത്.
പക്ഷാഘാതവും തുടർന്നുണ്ടായ ഹൃദയസ്തംഭനവും മൂലം തിങ്കളാഴ്ചയായിരുന്നു മാർപാപ്പയുടെ അന്ത്യം. ബുധനാഴ്ചയാണ് സെന്റ് പീറ്രേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചത്. ഇന്നലെ രാത്രി വൈകി പൊതുദർശനം അവസാനിച്ചതിന് പിന്നാലെ മാർപാപ്പയുടെ ഭൗതികദേഹം വഹിക്കുന്ന പെട്ടി അടയ്ക്കാനുള്ള ചടങ്ങുകൾ നടന്നു. കല്ലറയിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ഒരൊറ്റ തടിപ്പെട്ടിയിൽ വേണം തന്നെ അടക്കം ചെയ്യാനെന്നും മാർപാപ്പ നിർദ്ദേശിച്ചിരുന്നു. പരമ്പരാഗതമായി സൈപ്രസ് തടി,ലെഡ്,ഓക്ക് തടി എന്നിവയാൽ തീർത്ത മൂന്ന് പെട്ടികൾക്കുള്ളിലാണ് മാർപാപ്പമാരുടെ ഭൗതികശരീരം അടക്കം ചെയ്യുക. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന രഹസ്യയോഗമായ ' കോൺക്ലേവ് " മേയ് 6നോ ശേഷമോ തുടങ്ങും. തീയതി മാർപാപ്പയുടെ സംസ്കാര ശേഷം പ്രഖ്യാപിക്കും.
അതീവ സുരക്ഷ
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കം ലോക നേതാക്കളും വിവിധ രാജകുടുംബാംഗങ്ങളും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്നതിനാൽ വത്തിക്കാൻ അതീവ സുരക്ഷാ വലയത്തിലാണ്. റോമിന്റെ ഹൃദയ ഭാഗത്തെ എല്ലാ ഗതാഗതവും ഇന്ന് നിരോധിക്കും. കൊളോസിയം അടക്കം ചരിത്ര സ്മാരകങ്ങൾക്ക് മുന്നിലൂടെയാണ് വിലാപ യാത്ര കടന്നുപോകുന്നത്.