14കാരിയെ സിംഹം കടിച്ചുകൊന്നു
Saturday 26 April 2025 6:57 AM IST
നെയ്റോബി: കെനിയയിലെ നെയ്റോബിയിൽ 14കാരിയെ സിംഹം കടിച്ചുകൊന്നു. കഴിഞ്ഞ ആഴ്ച നെയ്റോബി നാഷണൽ പാർക്കിന് സമീപമായിരുന്നു സംഭവം. പാർക്കിന് പുറത്തുചാടിയ സിംഹം സമീപത്തുള്ള ജനവാസ മേഖലയിൽ നിന്ന് കുട്ടിയെ കടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നു. മറ്റൊരു കുട്ടി വിവരം നൽകിയതോടെ കെനിയ വൈൽഡ് ലൈഫ് സർവീസ് റേഞ്ചർമാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ എംബാഗാതി നദിയ്ക്ക് സമീപത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. സിംഹത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ. നെയ്റോബി നഗരമദ്ധ്യത്തിൽ നിന്ന് 10 കിലോമീറ്റർ ഉള്ളിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്കിൽ സിംഹം, ചീറ്റ, ജിറാഫ് തുടങ്ങി നൂറുകണക്കിന് മൃഗങ്ങളുണ്ട്.