ഉറക്കം നഷ്ടപ്പെട്ട് പെരുവന്താനം നിവാസികൾ..... പുലിയുടെ കാൽപ്പാട്, ജനങ്ങൾക്ക് ഭയപ്പാട്
പെരുവന്താനം : കാട്ടാനപ്പേടിയിൽ കഴിയുന്ന പെരുവന്താനം നിവാസികളുടെ നെഞ്ചിൽ തീകോരിയിട്ട് പുലിയുടെ സാന്നിദ്ധ്യവും. കഴിഞ്ഞ ഏതാനും മാസങ്ങളായി ജനവാസ മേഖലയിൽ നിരവധി വളർത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞദിവസം പുലി മറ്റൊരു ജീവിയെ ആക്രമിക്കുന്നത് കണ്ടെന്ന അമലഗിരി പാലക്കുഴി വരിക്കാനിക്കൽ മോളിയുടെ വെളിപ്പെടുത്തലാണ് നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് കപ്പലുവേങ്ങ നെല്ലിപ്പറമ്പിൽ പാപ്പച്ചന്റെ വളർത്തുനായയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുൻപ് പാലൂർക്കാവിൽ വളർത്തുനായയെ പുലി ആക്രമിച്ചിരുന്നു. വനംവകുപ്പ് അധികൃതരെത്തി പുലിയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു. രണ്ടാഴ്‌ച മുൻപ് കൊടുകുത്തി നിർമലഗിരിയിൽ തീറ്റ തേടാൻ അഴിച്ചുവിട്ട ആടിനെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവിടെയും ക്യാമറ സ്ഥാപിച്ച് അധികൃതർ തടിതപ്പി.
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി
മതമ്പ, കൊമ്പുകുത്തി, ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിനു സമീപമുള്ള ചെന്നാപ്പാറ, ഇ.ഡി.കെ അടക്കമുള്ള വനാതിർത്തി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ഏതാനും മാസം മുൻപ് ചെന്നാപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു.എന്നിട്ടും വനംവകുപ്പ് അധികൃതർ അലംഭാവം പുലർത്തുകയാണെന്നാണ് ആക്ഷേപം. എന്നാൽ ജനവാസമേഖലയിൽ ഇത് ആദ്യമായാണ് പുലിയെ പ്രദേശവാസികൾ കാണുന്നത്. മുൻപ് ചെന്നാപ്പാറ ഇ.ഡി.കെ പ്രദേശങ്ങളിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെ ആനകളെത്തിയിട്ടുണ്ട്. ഒരാൾ പൊക്കത്തിൽ കാട് വളർന്ന് നിൽക്കുന്ന എസ്റ്റേറ്റിനുള്ളിൽ ഭീതിയോടെയാണ് ടാപ്പിംഗ് ജോലികൾ ചെയ്യുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
ഇനിയും എത്രനാൾ ഇങ്ങനെ
പുലർച്ചെ ടാപ്പിംഗിന് പോകാൻ തൊഴിലാളികൾക്ക് ഭയം
കാട്ടാനക്കൂട്ടം ഏക്കർകണക്കിന് കൃഷി നശിപ്പിക്കുന്നു
മേഖലയിലെ ഭൂരിഭാഗം താമസക്കാരും സാധാരണക്കാർ
രാത്രികാലങ്ങളിൽ വീടുവിട്ടു പേകേണ്ട സാഹചര്യമാണ്
''ജനങ്ങളെ സംരക്ഷിക്കേണ്ട അധികൃതർ തന്നെ കൈയൊഴിഞ്ഞാൽ നാടുവിട്ട് സുരക്ഷിത മേഖലയിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയിലാണ്. ഇങ്ങനെ കൃഷി ചെയ്യുന്നതെന്തിനാണെന്ന് ചിലപ്പോൾ ഓർത്തുപോകും. ഏക്കർകണക്കിന് കൃഷിയിടമാണ് കാട്ടാനകൾ നശിപ്പിച്ചത്. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ഇനിയെങ്കിലും അധികൃതർ മുൻകൈയെടുക്കണം.
-രാജശേഖരൻ, കർഷകൻ