ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയും; പത്തനംതിട്ടയിൽ സഹോദരിമാരെ പിഡിപ്പിച്ചത് അമ്മ പുറത്തുപോയ തക്കം നോക്കി

Saturday 26 April 2025 4:49 PM IST

പത്തനംതിട്ട: മൂന്ന് സഹോദരിമാരെ സഹോദരനായ പതിനേഴുകാരൻ ബലാത്സംഗം ചെയ്തു. 13, 12, 8 വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. പത്തനംതിട്ടയിലെ മലയോര മേഖലയിലാണ് സംഭവം. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്.


കുട്ടികളെ പിതാവ് ഉപേക്ഷിച്ച് പോയതാണ്. മൂന്ന് പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയാണ്. അമ്മയും സഹോദരനും മാത്രമേ വീട്ടിലുള്ളൂ. അമ്മ മുമ്പ് പല വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. പതിനേഴുകാരൻ ജോലിക്ക് പോകുകയാണ്.

സ്‌കൂൾ അടച്ചതോടെ പെൺകുട്ടികൾ വീട്ടിലെത്തി. തൊട്ടടുത്ത ദിവസം അമ്മ ജോലിക്ക് പോയി. ഈ സമയത്താണ് സഹോദരൻ മൂന്ന് പേരെയും പീഡനത്തിനിരയാക്കിയത്. എട്ടുവയസുകാരിയാണ് ഏറ്റവും ക്രൂരമായ രീതിയിൽ പീഡനത്തിനിരയായത്. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും സഹോദരൻ ഭീഷണിപ്പെടുത്തി.

ബാലികാസദനത്തിലെ കൗൺസിലിംഗിനിടെ മൂത്ത കുട്ടിയാണ് പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. ശേഷം കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. മൂന്ന് കുട്ടികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡന വിവരം കുട്ടികൾ അമ്മയെ അറിയിച്ചിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതലാളുകൾ പ്രതികളായ പത്തനംതിട്ട പോക്‌സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ഒന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിദേശത്തുളള രണ്ടു പ്രതികൾ മാത്രമാണ് ഇനി പിടിയിലാകാനുളളത്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസിറക്കി കാത്തിരിക്കുകയാണ് പൊലീസ്. കേസിൽ അതിജീവിതയുടെ അയൽവാസിയും നാട്ടുകാരും സഹപാഠികളും അടക്കം 59 പ്രതികളാണുള്ളത്. അഞ്ചു പൊലീസ് സ്റ്റേഷനുകളിലായി 30 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കൂട്ടബത്സംഗം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് കേസുകളിൽ പ്രതികൾക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തിയിട്ടുണ്ട്.


സൗഹൃദം നടിച്ച് സമീപവാസിയായ യുവാവാണ് പെൺകുട്ടിയെ ആദ്യം ദുരുപയോഗം ചെയ്തത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു. പീഡന ദൃശ്യങ്ങൾ കണ്ടവർ പലരും പെൺകുട്ടിയുമായി സമൂഹ മാദ്ധ്യമം വഴി സൗഹൃദം സ്ഥാപിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ് ഉണ്ടായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത അഞ്ചുപേരുണ്ട്. ഇലവുംതിട്ട സ്റ്റേഷനിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 17. പത്തനംതിട്ടയിൽ 12ഉം. മലയാലപ്പുഴ, പന്തളം, കല്ലമ്പലം സ്റ്റേഷനുകളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് രണ്ടു പ്രതികളെ കിട്ടാനുള്ളത്.