കൊറ്റില്ലങ്ങൾ കൂടി, പക്ഷി ഇനങ്ങളിൽ വർദ്ധനവ്
കോട്ടയം : കോട്ടയം നഗരത്തിലെ പക്ഷി വൈവിദ്ധ്യം മുൻ വർഷങ്ങളേക്കാൾ വർദ്ധിച്ചതായി ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസ് സർവേ. മുൻ വർഷം 40 ഇനം പക്ഷികളെ കണ്ടെത്തിയെങ്കിൽ ഇക്കുറി 47ആയി വർദ്ധിച്ചു.
നഗരങ്ങളിൽ വിരളമായുള്ള തേൻ കൊതിച്ചി പരുന്ത്, പൂന്തത്ത എന്നിവയെ പുതിതായി കണ്ടത്തി. നാഗമ്പടം സ്‌റ്റേഡിയം പരിസരത്തുള്ള കൊറ്റില്ലത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുകളുടെ എണ്ണം കൂടി. ഒൻപതു മരങ്ങളിലായി അറുനൂറോളം കൂടുകളിൽ ചേരക്കോഴി, ചെറിയ നീർകാക്ക, കിന്നരി നീർകാക്ക എന്നിവയുടെ കൂടുകൾ കണ്ടെത്തി. കഴിഞ്ഞ വർഷം നാലു മരങ്ങളിലായി നൂറിൽ താഴെയായിരുന്നു കൂടുകൾ. നഗരത്തിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പിന്തുണയാണ് കൊറ്റില്ലത്തിന്റെ തിരിച്ചുവരവിന് കാരണം.
കൂടുതൽ സി.എം.എസ് ക്യാമ്പസിൽ നഗരത്തെ അഞ്ച് സെക്ടറുകളായി തിരിച്ച് നടത്തിയ സർവേയിൽ ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് സി.എം.എസ് കോളേജ് ക്യാമ്പസിലും, രണ്ടാമത് ഈരയിൽക്കടവിലുമാണ്. നാഗമ്പടം സ്‌റ്റേഡിയം പരിസരം, കളക്ടറേറ്റ്, പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ് എന്നിവിടങ്ങളലും കണക്കെടുപ്പ് നടന്നു. ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ടോണി ആന്റണി, അജയകുമാർ എം എൻ, ഷിബി മോസ്സസ്, ലേഖ സൂസൻ ജേക്കബ്, ബിന്ദു കെ ബി, ശരത് ബാബു എൻ.ബി, അനൂപാ മാത്യൂസ്, ജ്യോതിലക്ഷ്മി പി, അമൽസൺ ജോസ്, ആന്റണി സോണി, മിലു ജോർജ്, അപർണ കെ.വി, അഞ്ജിത പി എന്നിവർ നേതൃത്വം നൽകി.
കണ്ടെത്തിയ പക്ഷികൾ ചിന്നകുട്ടുറുവാൻ, നാട്ടുമൈന, കാക്കകൾ, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി , അമ്പലപ്രാവ് എന്നിവയാണ് ഏറ്റവും കൂടുതൽ. ജലപക്ഷികളായ, ചായമുണ്ടി, ചേരക്കോഴി, നീലക്കോഴി എന്നിവയമുണ്ട്.