പാലക്കുന്ന് പാഠശാല ഉദ്ഘാടനം നാളെ

Saturday 26 April 2025 7:19 PM IST

കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം നാളെ ഡോ. ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ ടി.ഐ.ധുസൂദനൻ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും. കവി സി എം.വിനയചന്ദ്രൻ പ്രഭാഷണം നടത്തും. ദേശീയ പാതയോരത്ത് കഴിഞ്ഞ ഒരു വ്യാഴ വട്ടക്കാലമായി പ്രവർത്തിച്ചു വരുന്ന പാഠശാല വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കണ്ണൂർ ജില്ലയിലെ മികച്ച ഗ്രന്ഥാലയങ്ങളിലൊന്നാണ്. പ്രഭാത സവാരിക്കിടെ സ്ത്രീകളെ അക്രമിക്കുന്ന സാമൂഹ്യ ദ്രോഹികൾക്കെതിരെ വനിതാവേദി നടത്തിയ പ്രതിഷേധ പ്രഭാത സവാരി, ചായക്കട ചർച്ച, അറുപതോളം എഴുത്തുകാരുടെ സാന്നിധ്യത്തിൽ നടന്ന പുസ്തക വിചാരം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട പരിപാടികളാണ്. ആറായിരത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥാലയത്തിൽ വനിതാവേദി, ബാലവേദി, വയോജന വേദി സജീവമാണ്.