ചന്ദന മരത്തിന്റെ വിലപോലുമില്ലാതെ മനുഷ്യ ജീവൻ
വയനാട് ജില്ലയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പൂളക്കുന്ന് ഉന്നതിയിൽ ജീവിക്കുന്ന ആദിവാസികൾക്ക് വനംവകുപ്പിനോട് ഒരേയൊരു അപേക്ഷ മാത്രമാണുള്ളത്. ഒരു ചന്ദന മരത്തിന് നൽകുന്ന വിലയെങ്കിലും ഞങ്ങൾക്കും തരണം. വന്യജീവി ആക്രമണങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പെറുതി മുട്ടുകയാണ് ഉന്നതിയിലെ ആദിവാസികൾ. ഒരു ചന്ദനമരം സംരക്ഷിക്കാൻ രണ്ട് വാച്ചർമാരെയാണ് വനംവകുപ്പ് കാവൽ നിറുത്തുന്നത്. ചന്ദനമരത്തിന്റെ പരിഗണന പോലും വനംവകുപ്പ് ആദിവാസി ജീവനുകൾക്ക് നൽകുന്നില്ല. ഏറ്റവുമൊടുവിൽ വയനാട്ടിൽ പൂളക്കുന്ന് സ്വദേശി അറുമുഖനെയാണ് കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്.
ആധിയോടെ
പൂളക്കുന്ന് നിവാസികൾ
ചെമ്പ്രമലയുടെ താഴ്വാരത്ത് ഇരുവശങ്ങളിലും കൊടും കാടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ് പൂളക്കുന്ന് ഉന്നതി. ഇവിടെ ആകെയുള്ളത് 18 വീടുകൾ മാത്രം. അതിലെന്നിൽ തനിച്ച് കഴിഞ്ഞിരുന്ന അറുപത്തിയാറുകാരൻ അറുമുഖൻ ഇനിയില്ല. രാത്രി ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് ഈ വയോധികനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയത്. മേപ്പാടി എരുമക്കൊല്ലി റോഡിൽ കർപ്പൂരക്കാടിന് സമീപത്ത് നിന്നാണ് പൂളക്കുന്ന് ഉന്നയിലേക്ക് പാതയുടെ തുടക്കം. മൂന്ന് കിലോ മീറ്റർ ദൂരമുണ്ട് ഉന്നയിലേക്ക്. സന്ധ്യമയങ്ങാൻ തുടങ്ങുമ്പോൾ ഉന്നതിയിലെ കുടുംബങ്ങൾ പരസ്പരം വിളിച്ച് ചോദിക്കും. ആരെങ്കിലും ഉന്നതിയിൽ തിരിച്ചെത്താനുണ്ടോ എന്ന്. ഈ പതിവ് തുടങ്ങിയിട്ട് കാലം കുറെയായി. കാരണം അവിടുത്തെ അവസ്ഥ അതാണ്. വ്യാഴാഴ്ച രാത്രിയും ഈ ചോദ്യം ആവർത്തിച്ചപ്പോൾ രണ്ടുപേർ തിരിച്ചെത്താനുണ്ടെന്ന് മനസിലായി. അറുമുഖവും ജീപ്പ് ഡ്രൈവർ ജയ്കൃഷ്ണനും. ഓട്ടമുള്ളതിനാൽ ജയകൃഷ്ണൻ പുലർച്ചെയെ ഉന്നതിയിൽ തിരിച്ചെത്തുകയുള്ളുവെന്ന് അറിയിച്ചിരുന്നു. എന്നാൽ എട്ടുമണി കഴിഞ്ഞിട്ടും അറുമുഖനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് കടയിൽ നിന്ന് വാങ്ങിയ പഴവും ചെരിപ്പും കിടപ്പുണ്ടായിരുന്നു. തമിഴ്നാട്ടിലെ കമ്പം സ്വദേശിയാണ് അറുമുഖം. ഭാര്യ ലക്ഷ്മി നേരത്തെ മരിച്ചു. മക്കളായ രാജനും സത്യനും നാട്ടിലാണ്. തോട്ടം തൊഴിലാളിയായി അറുമുഖൻ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം പൂളക്കുന്നിൽ തന്നെയുള്ള ഏലത്തോട്ടത്തിലെ മേൽനോട്ടക്കാരനായിരുന്നു. തോട്ടത്തിലെ ജോലിക്കുശേഷം മേപ്പാടിയിലുളള ഏലക്കടയിലും സഹായിയായി നിൽക്കും. ഇവിടെ നിന്ന് ജോലി കഴിഞ്ഞ് രാത്രി 7.30നാണ് രാജൻ ഇറങ്ങുന്നത്. വീട്ടിലേക്കുളള കാൽനടയാത്രയിലാണ് മരണദൂതുമായി കാട്ടാനയെത്തിയത്. ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ കാട്ടാന അറുമുഖന് നേരെ അരിശം തീർത്തു.
കടൂർ, എളമ്പിലേരി, ചെമ്പ്ര വനമേഖലകളുമായി അതിര് പങ്കിടുന്ന ഉന്നതിയാണ് പൂളക്കുന്ന്. പട്ടാപ്പകൽ പോലും ഇവിടെ ആന അടക്കമുള്ള വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്. കാട്ടാനകളെ ഭയന്ന് ഊരിൽ നിന്ന് അധികമാരും പുറത്തിറങ്ങാറില്ല. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശത്തുകാരുടെ ഉള്ളിൽ ആധിയാണ്. അതുകൊണ്ടാണ് ഉന്നതിയിലെ ജനങ്ങൾ പരസ്പരം വിളിച്ച് ചോദിച്ച് കണക്കെടുക്കുന്നത്. സർക്കാരിനില്ലെങ്കിലും അത്രയും കരുതലുണ്ട് ഉന്നയിയിലെ ജനങ്ങൾക്ക്.
വാഗ്ദാനങ്ങൾ മാത്രം:
നടപടിയല്ല
കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയാൽ പത്തുലക്ഷം രൂപയാണ് നഷ്ട പരിഹാരം. അതിൽ ആദ്യ ഗഡുവെന്ന നിലയിൽ അഞ്ച് ലക്ഷം രൂപ സൗത്ത് വയനാട് ഡി.എഫ്. ഒ അജിത് കെ. രാമൻ കഴിഞ്ഞ ദിവസം അറുമുഖന്റെ വീട്ടിലെത്തി മക്കൾക്ക് കൈമാറി. തെളിവുകൾ സഹിതം ഹാജരായാൽ ബാക്കി അഞ്ച്ലക്ഷം രൂപ പിന്നീട് നൽകും! വയനാട്ടിൽ എത്ര പേരെ കാട്ടാന കൊലപ്പെടുത്തി. സർക്കാർ നൽകുന്ന വാഗ്ദാനങ്ങളൊന്നും ഇവിടെ പ്രാവർത്തികമാകുന്നില്ല. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഗ്ദാനങ്ങൾ ചൊരിയും. പിന്നെ ഇവരെ ആരെയെങ്കിലും ഈ പ്രദേശത്തേക്ക് കാണുന്നത് മറ്റൊരു ദുരന്തം നടക്കുമ്പോഴാണ്. അതാണ് വയനാട്ടിൽ പതിവ്. ഇതിനെതിരെ ജനങ്ങൾ മൃതദേഹം ഇൻക്വസ്റ്റിന് പോലും എടുക്കാൻ അനുവദിക്കാതെ പ്രതിഷേധിക്കും. ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടയും. മൃതദേഹവും വച്ചുകൊണ്ടുള്ള അതിശക്തമായ പ്രതിഷേധം. ഉടൻ തലസ്ഥാനത്തു നിന്ന് വാഗ്ദാനങ്ങൾ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് എത്തും. വാഗ്ദാനങ്ങൾ നിരവധിയുണ്ടാകും. അതിൽ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും ഉണ്ടായിരിക്കും. ഒരു കാര്യം ചോദിച്ചോട്ടെ? വന്യമൃഗങ്ങളുടെ ആക്രമങ്ങളാൽ കൊല്ലപ്പെട്ടവരുടെ ആശ്രിതരായി എത്ര പേർ വയനാട്ടിൽ സർക്കാർ സർവീസിൽ ഇന്ന് ജോലി ചെയ്യുന്നുണ്ട് ? എത്ര പേർക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നൽകിയിട്ടുണ്ട് ? നിരാശയായിരിക്കും ഫലം. ആനുകൂല്യങ്ങൾ തേടി ഇപ്പോഴും വനംവകുപ്പിന്റെ ഓഫീസുകൾ കയറിയിറങ്ങുന്നവരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിച്ച് വരുന്നു. ഇതിപ്പോൾ ഒരു അറുമുഖന്റെ കാര്യം മാത്രമല്ല, വയനാട്ടിൽ നിരവധി പേർ ഇങ്ങനെ വിധിയെ ശപിച്ച് കഴിയുന്നു.
വേണ്ടത് ശാശ്വത പരിഹാരം
കഴിഞ്ഞ പതിനാല് മാസത്തിനിടെ ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. ഈ കുറിപ്പ് തയ്യാറാക്കുമ്പോഴും വയനാട്ടിലെങ്ങും കാട്ടാനകൾ ഉൾപ്പെടെയുളള വന്യമൃഗങ്ങളുടെ ആക്രമണ വിവരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. വന്യജീവികളാൽ കൊല്ലപ്പെട്ട പത്തിൽ ഒമ്പത് പേരുടെയും ജീവൻ പൊലിഞ്ഞത് കാട്ടാന ആക്രമണത്തിലാണ്. അറുമുഖനെ കൊലപ്പെടുത്തിയ പൂളക്കുന്ന് ഉന്നതി പരിസരത്ത് ഇപ്പോഴും കാട്ടാനകളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. പലരും ഇന്നലെയും കാട്ടാനകളെ കണ്ടു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുവാൻ ഉത്തരവിറക്കിയിട്ടുണ്ട്. സർവ സന്നാഹങ്ങളുമായി വനംവകുപ്പ് സ്ഥലത്ത് ഇതിനായി നിലയുറിപ്പിച്ചു. കുങ്കി ആനകളും രംഗത്തുണ്ട്. പ്രദേശത്ത് കാട്ടാന കൂട്ടത്തെയും വനംവകുപ്പുകാർ കണ്ടെത്തി. പക്ഷെ ഒരു കാര്യം. അറുമുഖനെ കൊലപ്പെടുത്തിയ കാട്ടാന ഏത്?വനം വകുപ്പിന് അതറിയില്ല. അറിയാൻ മാർഗങ്ങൾ ഏറെയുണ്ട്. കഴിയുന്നതും കാട്ടാന കൂട്ടത്തെ ഉൾക്കാടിലേക്ക് കടത്തുക എന്നതാണ് വനംവകുപ്പിന്റെ മുന്നിലുള്ള ഏക മാർഗം. അധികമൊന്നും പരിക്കില്ലാത്ത ദൗത്യം. പക്ഷെ കാട്ടാനകൾക്ക് ഒരു സ്വഭാവമുണ്ട്. അത് വന്ന വഴിയിലൂടെ തന്നെ തിരിച്ചെത്തും. കാലമെത്ര കടന്ന് പോയാലും. അറുമുഖം കൊല്ലപ്പെടുന്നത് ആനത്താരയിൽ വച്ചാണ്. ആനകളുടെ സഞ്ചാര പാത അടയുമ്പോഴാണ് അത് നാട്ടിലിറങ്ങി കൊലവിളി നടത്തുന്നത്. കാട്ടിൽ കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾക്ക് തീറ്റയും കുടിവെളളവും അവരുടെ സ്വാതന്ത്ര്യവും ഇല്ലാതായിരിക്കുന്നു. പിന്നെ വന്യമൃഗങ്ങളുടെ വർദ്ധനവും. കാടാകട്ടെ അനുദിനം കുറഞ്ഞ് വരികയും ചെയ്യുന്നു. വയനാട്ടിൽ ഇപ്പോൾ വന്യമൃഗങ്ങൾ നാട്ടിലാണ്. ജീവനും സ്വത്തിനും വിലയില്ലെന്ന് വന്നിരിക്കുന്നു. അറുമുഖം കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഉന്നതിയിലെ ജനങ്ങൾ അടക്കം പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ച് വിട്ടു. ഇത് പൂളക്കുന്ന് ഉന്നതിയിലെ ജനങ്ങളുടെ വികാരം മാത്രമായിരുന്നില്ല. വയനാട്ടിലെ വനത്തിലും വനാതിർത്തിയിലും താമസിക്കുന്നവരുടെ മൊത്തം വികാരമായിരുന്നു. ലക്ഷങ്ങളാണ് വന്യമൃഗ ശല്യത്തിനായി സർക്കാർ ചെലവഴിക്കുന്നത്. എല്ലാം കടലിൽ കായം കലക്കിയത് പോലെ. അറുഖന്മാർ ഇനിയും ഇവിടെ രക്തസാക്ഷികളായി ഉയരാതിരിക്കട്ടെ. വേണ്ടത്, ശാശ്വത പരിഹാരമാണ്.