വിൻ സിക്ക് രേവതിയുടെ അഭിനന്ദനം

Sunday 27 April 2025 6:32 AM IST

സിനിമാ ലൊക്കേഷനിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയും പരാതിപ്പെടുകയും ചെയ്ത നടി വിൻ സിയെ അഭിനന്ദിച്ച് നടി രേവതി. ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ നടപടിയുണ്ടാകും എന്ന പത്രറിപ്പോർട്ടിന്റെ ചിത്രം പങ്കുവച്ചാണ് രേവതിയുടെ അഭിനന്ദനം.

കുറിപ്പിനൊപ്പം അവൾക്കൊപ്പം, ഡബ്ളിയു.സി.സി തുടങ്ങിയ ഹാഷ് ടാഗുകളും രേവതി ചേർത്തു.

''വിൻ സിക്ക് അഭിനന്ദനങ്ങൾ. സിനിമാ നിർമ്മാണ മേഖല മറ്റേതൊരു പ്രൊഫഷണൽ ആയ ജോലിസ്ഥലത്തെ പോലെ തന്നെ അച്ചടക്കം ആവശ്യമുള്ള ഒരു പ്രൊഫഷണൽ ഇടമാണെന്ന് നമ്മൾ തിരിച്ചറിയേണ്ട സമയമാണിത്. വളരെയധികം ധൈര്യത്തോടെ വിൻ സിയെ പോലുള്ള സ്‌ത്രീകൾ ശബ്ദം ഉയർത്തുമ്പോൾ നിയമം അവരെ പിന്തുണയ്ക്കുകയും സമയപരിധിയോടെ ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം. വർഷങ്ങളോളം നീതി വൈകുന്നത് നീതി നിഷേധമാണ്. മിക്ക സ്‌ത്രീകളും ചില പുരുഷന്മാരും ദുരുപയോഗവും ആക്രമണവും സഹിക്കുകയും തുറന്നുപറയുന്നതു കാരണം ജോലി നിഷേധിക്കപ്പെടുകയും നിയമം വെറും നോക്കുകുത്തിയായി മാറുകയും എളുപ്പം നിശബ്ദമാക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണ്. വിളിച്ചുപറയുന്നത് വേണ്ട എന്നാണ് അർത്ഥമാക്കുന്നത്. നിയമം ഒറ്റപ്പെട്ട വ്യക്തിയാണ്. അവനെ എളുപ്പത്തിൽ നിശബ്ദനാക്കാൻ കഴിയും. ഇത്തവണയെങ്കിലും നിയമം മാതൃകാപരമായ നടപടിയെടുത്ത് നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു" - രേവതി കുറിച്ചു.