പള്ളിമുറ്റത്തെ മാതാവിന്റെ പ്രതിമ തകർത്ത പ്രതി പിടിയിൽ

Sunday 27 April 2025 1:10 AM IST

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിമുറ്റത്തെ മാതാവിന്റെ പ്രതിമ തകർത്ത പ്രതി പിടിയിൽ.തുമ്പ കിൻഫ്രയ്ക്ക് സമീപം താമസിക്കുന്ന മാർട്ടിൻ തങ്കച്ചനാണ് (60) തുമ്പ പൊലീസിന്റെ പിടിയിലായത്. ഇയാൾ മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രി ഫാത്തിമ മാതാ ചർച്ചിലെത്തി പ്രാർത്ഥിച്ച ശേഷമാണ് ഇയാൾ പ്രതിമ ദൂരേയ്ക്ക് വലിച്ചെറിഞ്ഞത്. ഇതിനുശേഷം വലിയ വേളിയിലെത്തി നാട്ടുകാരെ അസഭ്യം പറഞ്ഞു.ഇതറിഞ്ഞ് തുമ്പ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മാനസിക രോഗിയാണെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.

ഇന്ന് രാവിലെ ഇടവക വികാരിയാണ് കുരിശടിയിൽ സ്ഥാപിച്ചിരുന്ന പ്രതിമ തകർന്ന നിലയിൽ കണ്ടെത്തിയത്. പള്ളിയിലെ കുരിശടിയോട് ചേർന്ന് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്.തുടർന്ന് കഴക്കൂട്ടം പൊലീസ് സി.സി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തുമ്പ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.