ലഹരിക്കെതിരെ കാസർകോട്ട് പൊലീസിന്റെ സർജ്ജിക്കൽ സ്ട്രൈക്ക് ഒറ്റ രാത്രി നാല് കേസുകൾ 11.785 കിലോഗ്രാം കഞ്ചാവ് 10.53 ഗ്രാം എം.ഡി. എം. എ
കാസർകോട്/കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിൽ ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തിയ മിന്നൽ നീക്കങ്ങളിൽ ലഹരിമാഫിയക്ക് കനത്ത ആഘാതം. 11.785 കിലോ കഞ്ചാവും 10.53 ഗ്രാം എം.ഡി.എം.എയും പിടികൂടിയ പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു.മേല്പറമ്പ പൊലീസ് 11.190 കിലോ കഞ്ചാവും ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 3.610 ഗ്രാമും മറ്റൊരു കേസിൽ 1.790 ഗ്രാമും എം.ഡി.എം.എ യും 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽ 5.13 ഗ്രാം എം.ഡി.എം.എയും പിടികൂടി.
ഇന്നലെ പുലർച്ചെ കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവി വിജയ ഭാരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് വൻ ലഹരി വേട്ട നടന്നത്. കാസർകോട് ഡിവൈ.എസ്.പി സി കെ.സുനിൽ കുമാർ,ബേക്കൽ ഡിവൈ.എസ്.പി വി.വി.മനോജ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാര, മുക്കുന്നോത്ത് എന്ന സ്ഥലത്ത് സമീർ, മുനീർ എന്നിവർ താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയാണ് 11.190 കിലോ കഞ്ചാവ് പിടികൂടിയത്. ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങി. ഇൻസ്‌പെക്ടർ എ.സന്തോഷ് കുമാർ , സബ് ഇൻസ്‌പെക്ടർ വി. കെ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയത്.കിടപ്പുമുറിയുടെ തട്ടിൻ പുറത്ത് ചാക്കിൽ കെട്ടിയ നിലയിൽ ആയിരുന്നു കഞ്ചാവ്.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ അജാനൂർ കടപ്പുറം സ്വദേശി നൗഷാദിന്റെ വീട്ടിൽ നിന്നും 1.790 ഗ്രാം എം ഡി.എം.എയും 5 .950 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി പ്രതി ഓടി രക്ഷപെട്ടു. മറ്റൊരു കേസിൽ കാഞ്ഞങ്ങാട് മുറിയനാവി സ്വദേശി ഷാജഹാൻ അബൂബക്കറിന്റെ(69 ) വീട്ടിൽ നിന്നും 3 .610 ഗ്രാം എം.ഡി.എം.എ പിടികൂടി ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത് കുമാർ, സബ് ഇൻസ്‌പെക്ടർ മോഹനൻ എന്നവരടങ്ങുന്ന സംഘമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ചൗക്കിയിൽ വെച്ച് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സുറൈദിനെ(26) 05.13 ഗ്രാം എം.ഡി.എംയുമായി സബ് ഇൻസ്‌പെക്ടർ അൻസാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.
അപ്രതീക്ഷിത പരിശോധനയിൽ കുടുങ്ങി
ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവരുടെ വീടുകളിലും മറ്റും നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ലഹരിയുമായി പ്രതികളെ പിടികൂടിയത്.
ഓപ്പറേഷൻ ഡി ഹണ്ട് കാസർകോട് ( 2025 ഫെബ്രുവരി 22മുതൽ)
432 കേസുകൾ
447 അറസ്റ്റ്
13.185 കിലോ കഞ്ചാവ്
188 .16 ഗ്രാം എം.ഡി.എം.എ