തട്ടിപ്പും ബോധവത്കരണവും ഓൺലൈനിൽ തന്നെ: പ്രതിമാസം 200 കേസുകൾ
കണ്ണൂർ: സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ശക്തമായ ബോധവത്കരണം നടക്കുമ്പോഴും ഇതെ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ഓൺലൈൻ തട്ടിപ്പ് നിർബാധം നടക്കുന്നു. ജില്ലയിൽ 200 ഓൺലെൻ തട്ടിപ്പ് നടക്കുന്നുതായാണ് കണക്കുകൾ. നിരന്തരമായ ബോധവത്കരണവും ഇടപെടലുകളും നടക്കുന്നുണ്ടെങ്കിലും തട്ടിപ്പിന് യാതൊരു കുറവും ഉണ്ടാകുന്നില്ല. കണ്ണൂർ സിറ്റി സൈബർ പൊലീസിൽ മാത്രം കഴിഞ്ഞ മാസം ലഭിച്ചത് 120 കേസുകളാണ്.
ബോധവത്കരണം നടക്കുന്ന സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെ ആളുകൾ കബളിപ്പിക്കപ്പെടുന്നതിന്റേയും ഇരയാക്കപ്പെടുന്നതിന്റേയും അമ്പരപ്പിലാണ് പൊലീസ്. വിവിധ ഓഫറുകളുടെ പേരിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലും ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിലും ഉൾപ്പെടെയാണ് ജില്ലയിൽ ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. വിഷു, ഈസ്റ്റർ, പെരുന്നാൾ ഓഫർ തട്ടിപ്പുകളിലും ഈ മാസം പലരും ഇരയായി. ഓഫർ വിലയിൽ സാധനങ്ങൾ വാങ്ങാനായി പണം അടച്ചുപറ്റിക്കപ്പെട്ടവർ ഏറെയുണ്ടെങ്കിലും നാണക്കേട് കാരണം പുറത്തുപറയാനും മടി കാണിക്കുന്നു. പണമടച്ച് സാധനങ്ങൾ കിട്ടാത്തവരും കബളിപ്പിക്കപ്പെട്ടവരും ഇത്തരം ഓൺലൈൻ തട്ടിപ്പിന്റെ ഇരകളാണ്.
ട്രാഫിക് നിയമലംഘന പിഴ വാട്സ് ആപ്പിൽ വരില്ല
ട്രാഫിക് ലംഘനത്തിന്റെ പേരിൽ ജില്ലയിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ട്രാഫിക് ലംഘനത്തിന്റെ പിഴയുണ്ടെന്നറിയുച്ച വാട്സാപ്പിൽ വന്ന ലിങ്കിൽ ക്ളിക്ക് ടെയ്ത മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 22000 രൂപയാണ്. കൃത്യമായ വിവരങ്ങളും വിശ്വാസ്യതയുമില്ലാത്ത ലിങ്കുകളിൽ ക്ളിക്ക് ചെയ്യരുതെന്ന നിർദ്ദേശവുമുണ്ടായിട്ടും ഇത്തരം തട്ടിപ്പുകളിൽ ഇപ്പോഴും ആളുകൾ വീഴുകയാണ്. ട്രാഫിക് നിയമ ലംഘനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശമെന്ന് തെറ്റിദ്ധരിച്ചാണ് ഇദ്ദേഹം കബളിപ്പിക്കപ്പെട്ടത്. സ്ത്രീകളേയും വിട്ടമ്മമാരേയും കേന്ദ്രീകരിച്ച് നടക്കുന്ന മറ്റൊരു പ്രധാന തട്ടിപ്പാണ് ഓൺലൈൻ ജോലി വാഗ്ദാനം. കൂത്തുപറമ്പ് സ്വദേശിനിക്ക് ഇതിലൂടെ 10560 രൂപയും കണ്ണൂർ സ്വദേശിക്ക് 36560 രൂപയും നഷ്ടപ്പെട്ടു. ഓൺ ലൈൻ ലോണിനുള്ള അപേക്ഷ ചാർജെന്ന വ്യാജേനയും 15000 രൂപ നഷ്ടമായ മറ്റൊരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് സർവ്വീസ് ചാർജെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങൾ നൽകിയ വളപട്ടണം സ്വദേശിക്ക് 17500 രൂപ നഷ്ടമായ കേസാണ് മറ്റൊന്ന് ലഭിച്ച കേസുകളിലെല്ലാം അന്വേഷണങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നാണ് സൈബർ പൊലീസ് നൽകുന്ന വിവരം.
സൈബർ പൊലീസ് പറയുന്നു
തട്ടിപ്പിൽ പരമാവധി ബോധവാന്മാരാകണം
ഇതൊന്നും നമുക്ക് സംഭവിക്കില്ലയെന്ന ധാരണ ഒഴിവാക്കണം
അക്കൗണ്ട് വിവരങ്ങളും ഒ.ടി.പികളും കൈമാറാതിരിക്കുക
പൊലീസ് നിർദ്ദേശങ്ങൾ പാലിക്കണം