കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ വിതരണത്തിലെ വീഴ്ച ; യൂണിവേഴ്‌സിറ്റി ഗേറ്റിൽ വാഴ നട്ട് കെ.എസ്.യു പ്രതിഷേധം
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ പരീക്ഷ നടത്തിപ്പിലെ വീഴ്ചയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കെ.എസ്.യു പ്രതിഷേധം.വിദ്യാർത്ഥികൾ പരീക്ഷ ഹാളിൽ എത്തി അര മണിക്കൂർ കഴിഞ്ഞിട്ടും ചോദ്യപേപ്പർ നൽകാതെ പരീക്ഷ മേയ് 5 ലേക്ക് മാറ്റിവച്ചെന്ന അറിയിപ്പ് നൽകിയതിൽ പ്രതിഷേധിച്ച് വാഴയുമായി കെ.എസ്.യു പ്രവർത്തകർ യൂണിവേഴ്സിറ്റിയിലേക്ക് എത്തി.
പരീക്ഷ നടത്താൻ പോലും കഴിയാത്ത യൂണിവേഴ്സിറ്റി പൊതു സമൂഹത്തിന് തന്നെ അപമാനമാണെന്നും ഈ വേനൽക്കാലത്ത് വിദ്യാർത്ഥികളെ വീണ്ടും പരീക്ഷയിലേക്ക് തള്ളി വിടുന്നത് ക്രൂരതയാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.പരീക്ഷ നടത്തിപ്പിലെ ദുരൂഹതകൾ പുറത്ത് വരണമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി ഗേറ്റിൽ വാഴ നട്ടതിന് ശേഷം യൂണിവേഴ്സിറ്റിയിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിന് ശേഷം പരീക്ഷ കൺട്രോളറുടെ ചുമതലയുള്ള രജിസ്ട്രാറെ കാണാനുള്ള കെ.എസ്.യു പ്രവർത്തകരുടെ ശ്രമം പൊലീസുമായുള്ള വാക്കേറ്റത്തിനിടയായി.തുടർന്ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കെ.എസ്.യു സംസ്ഥാന സമിതി അംഗം ആദർശ് മാങ്ങാട്ടിടം, ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, അക്ഷയ് മാട്ടൂൽ, സി.എച്ച്.മുബാസ് ,അർജുൻ ചാലാട്,സൂര്യ തേജ് , അഹമ്മദ് യാസീൻ,മുഹമ്മദ് സലീം, ഗോകുൽ രാജ് എന്നിവർ നേതൃത്വം നൽകി.