റോഡിലെ കുഴിയടക്കലിന് തടസമായി വേനൽമഴ

Sunday 27 April 2025 1:17 AM IST

ആലപ്പുഴ: കാലവർഷത്തിന് മുന്നോടിയായി കുഴികൾ അടച്ചും വെള്ളമൊഴുകാനുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയും റോഡുകൾ സുരക്ഷിതമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാരംഭിച്ച മഴക്കാല പൂർവ ജോലികൾക്ക് ഭീഷണിയായി വേനൽമഴ. ആലപ്പുഴ നഗരത്തിലുൾപ്പെടെ ജില്ലയിലെ വിവിധ പൊതുമരാമത്ത് സെക്ഷൻ ഓഫീസുകളിലായി റണ്ണിംഗ് കോൺട്രാക്ടിന്റെ ഭാഗമായി ഒരുവർഷത്തേക്കുള്ള റോഡുകളുടെ പരിപാലന ചുമതല കരാറുകാർ ഏറ്റെടുത്ത് ജോലികൾ ആരംഭിച്ചപ്പോഴാണ് ഇടവിട്ട് പെയ്യുന്ന മഴ വിനയായത്.

കളർകോട് മുതൽ ചേർത്തലവരെ തീരദേശവും നഗരപരിധിയ്ക്കുള്ളിലുമുൾപ്പെടെ 53 റോഡുകളാണ് പ്രീമൺസൂൺ വർക്കിന്റെ പരിധിയിൽ വരുന്നത്. 97 ലക്ഷം രൂപയ്ക്ക് കരാർ നൽകിയിരിക്കുന്ന ജോലികളുടെ ഭാഗമായി നഗരത്തിലും പുറത്തുമായി പലസ്ഥലങ്ങളിലും റോഡിലെ കുഴികൾ അടയ്ക്കുകയും റോഡരികുകളിലെ കാടുകളും വള്ളിപ്പടർ‌പ്പുകളും വെട്ടിത്തെളിക്കുകയും ചെയ്തെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴ തടസമായി. റോഡുകൾക്ക് ഏറ്റവുമധികം തകർച്ചയുള്ള കുട്ടനാട്, തീരദേശ മേഖലകൾ, വെളളക്കെട്ടിലകപ്പെടുന്ന മറ്റ് താഴ്ന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും മഴ റോ‌ഡ് പരിപാലനത്തിന് തടസമാകുന്നുണ്ട്.മേയ് ആദ്യവാരം മുതൽ പ്രീ മൺസൂൺ വർക്കുകളുടെ പുരോഗതി സെക്ഷൻ ഓഫീസ് തലം മുതൽ എക്സിക്യുട്ടീവ് എൻജിനീയർ തലം വരെ വിലയിരുത്തുമെന്നിരിക്കെ അതിന് മുമ്പായി ജോലി പൂർത്തീകരിക്കുക കരാറുകാർക്കും വെല്ലുവിളിയാണ്.

സമയപരിധിയിൽ പൂർത്തീകരിക്കുക വെല്ലുവിളി

 അർത്തുങ്കലുൾപ്പെടെ പലസ്ഥലങ്ങളിലും കുഴി അടയ്ക്കൽ മഴമൂലം തടസപ്പെട്ടു

 കുഴികളിൽ വെള്ളം നിറഞ്ഞതും പ്രതലത്തിലെ ഈർപ്പവുമാണ് ടാറിംഗിന് തടസം

 റോഡരികിലെ ഓടകളും കൾവർട്ടുകളും വൃത്തിയാക്കുന്നതിനും മഴ ബുദ്ധിമുട്ടുണ്ടാക്കുന്നു

 തീരദേശത്ത് പല സ്ഥലങ്ങളിലും റോഡ് കാര്യമായി തകർന്നിട്ടുണ്ട്

 ഇവിടങ്ങളിലും കാലവർ‌ഷത്തിന് മുന്നോടിയായി ടാറിംഗുൾപ്പെടെ പൂർത്തിയാക്കണം

മഴക്കാല പൂർവ ജോലികളെല്ലാം റണ്ണിംഗ് കോൺട്രാക്ട് വ്യവസ്ഥയിൽ കരാർ നൽകി കഴിഞ്ഞു. എത്രയും വേഗം ജോലികൾ പൂർത്തീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ കാലവ‌ർഷത്തിന് മുമ്പ് ജോലികൾ പൂർ‌ത്തിയാക്കാൻ കഴിയും

- പൊതുമരാമത്ത് റോഡ് വിഭാഗം, ആലപ്പുഴ

വേനൽ മഴയിൽ ടാറിംഗിനുള്ള സാമഗ്രികൾ നനയുന്നതും കുഴികളിൽ വെള്ളവും ഈർപ്പവും നിറയുന്നതും ജോലികൾക്ക് തടസമാകും.കഴിയുന്നത്രവേഗം ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം

- കരാറുകാരൻ