ആയുധങ്ങളുമായി വീടുകയറി അക്രമണം, നാല് യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: പെൺസുഹൃത്തിന്റെ വീട്ടിൽ ചെന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ അയൽവാസിയുടെ വീട്ടിൽ കയറി അക്രമണം കാട്ടിയ നാല് യുവാക്കളെ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. നെഹ്രു ട്രോഫി വാർഡിൽ കമ്പനിച്ചിറ വീട്ടിൽ അമൽ (21), കോമളപുരം കാളികാട്ട് വീട്ടിൽ ആകാശ് (19), നേതാജി ചെന്നങ്ങാട്ട് വെളിയിൽ സാഹസ് (21), കോമളപുരം നന്ദനം വീട്ടിൽ അദ്വൈത് (18) എന്നിവരെയാണ് സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വലിയകുളത്തിന് സമീപമുള്ള വീട്ടിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രതികളിൽ ഒരാൾ പെൺസുഹൃത്തിന്റെ വീട്ടിൽ ചെന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ അയൽവാസിയുടെ വീട്ടിൽ മാരകായുധവുമായി കയറി വീടിന്റെ കതകും ജനൽചില്ലുകളും പ്രതികൾ അടിച്ചുപൊളിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് വരുന്നതു കണ്ട അക്രമികൾ ഓടി രക്ഷപെട്ടു. ഒളിവിൽ പോയഇവരെ പിന്നീട് പിടികൂടുകയായിരുന്നു. പ്രതികൾ സമാന കേസുകളിൽ മുമ്പും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൊലപാതകശ്രമം ലഹരികേസുകളിൽ ഉൾപ്പടെ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.