എല്ലാവരെയും കണ്ണീരിലാക്കി മിഖിലിന്റെ മടക്കം

Sunday 27 April 2025 1:20 AM IST

ആലപ്പുഴ: കഴിഞ്ഞ വർഷത്തെ ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂൾ വിദ്യാർത്ഥി മിഖിൽ തോമസിന്റെ വിയോഗം നാടിനെ മുഴുവൻ സങ്കടക്കടലിലാക്കി. ഇന്നലെ രാവിലെ 10.15ന് നെടുമുടി ചേന്നങ്കരി കളരിക്കൽ കുളിക്കടവിൽ കാൽവഴുതി വെള്ളത്തിൽ വീണാണ് മിഖിൽ മരിച്ചത്.

തത്തംപള്ളി പള്ളിക്കണ്ടത്തിൽ കൂലിപ്പണിക്കാരനായ തോമസ് വർഗീസിന്റെയും, ബ്യൂട്ടിഷ്യനായ ഷേർളിയുടെയും മകനായിരുന്നു. പഠനത്തിലും കലയിലും കായിക ഇനങ്ങളിലും ഒരുപോലെ മിടുക്കനായ മിഖിലിൽ വലിയ പ്രതീക്ഷയായിരുന്നു കുടുംബത്തിന്. നാടകവേദിയിലെ കന്നി അങ്കത്തിലാണ് മികച്ച നടനെന്ന അംഗീകാരം നേടിയെടുത്തത്. മിഖിലിനെ കുറിച്ച് പറയുമ്പോൾ അദ്ധ്യാപകർക്കുംനൂറുനാവാണ്. എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന പ്രകൃതമായിരുന്നു. അങ്ങനെയാണ് സ്കൂളിലെ അനദ്ധ്യാപികയുടെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ കൂട്ടുകാർക്കൊപ്പം രണ്ടുദിവസം മുമ്പേ മിഖിൽ നെടുമുടിയിലെത്തിയത്. വിവാഹവേദിയിൽ പാട്ടുപാടുന്നതടക്കമുള്ള ഒരുപാട് പദ്ധതികളുണ്ടായിരുന്നു മിഖിലിന്റെ മനസ്സിൽ. മറ്റ് സുഹൃത്തുക്കൾ കടവിലിറങ്ങി കുളിക്കുന്നത് നോക്കി കരയിലിരിക്കുന്നതിനിടെ ഇടയ്ക്കെപ്പോഴോ കാൽ തെന്നി വെള്ളത്തിലേക്ക് പതിച്ചു. ചെളി നിറഞ്ഞ പ്രദേശത്തേക്കായിരുന്നു വീഴ്ച്ച. മൃതശരീരം കണ്ടെത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. അടുത്ത വർഷത്തെ കലോത്സവത്തിലും എസ്.എസ്.എൽ.സി പരീക്ഷയിലുമെല്ലാം മിന്നും താരമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന മിഖിൽ കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും അന്തിമോപചാരം സ്വീകരിക്കാൻ ഇന്ന് വീണ്ടും വിദ്യാലയ മുറ്റത്തെത്തും.. വൈകിട്ട് 3ന് തത്തംപള്ളി ദേവാലയത്തിലാണ് സംസ്ക്കാര ശുശ്രൂഷ.

അന്ന് കാണികളെ കരയിച്ചു, ഇന്ന് നാടിന് നൊമ്പരം

കഴിഞ്ഞ ജില്ലാ കലോത്സവ നാടകവേദിയിൽ കാണികളെ മുഴുവൻ കൈയിലെടുത്തത് ഒരു കാക്കയായിരുന്നു. കുടിയൊഴിപ്പിക്കലിന്റെ വേദനയും, ഒറ്റപ്പെടലിന്റെ സങ്കടവും പകർന്നായി കാഴ്ച്ചക്കാരെ കണ്ണീരിലാഴ്ത്തിയ കാക്കയായി വേദിയിലെത്തിയത് മിഖിലായിരുന്നു. അദ്യമായി അഭിനയിക്കുന്നതിന്റെ യാതൊരു അങ്കലാപ്പുമില്ലാതെ അവൻ വേഷം പകർന്നാടി. 'കൂടെവിടെ' നാടകത്തിന് എ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതുകൊണ്ടുമാത്രം സംസ്ഥാന വേദിയിലെത്താനായില്ല. അടുത്ത കലോത്സവമായിരുന്നു പ്രതീക്ഷ.