മറവിരോഗം ബാധിച്ച കിടപ്പുരോഗിയെ മർദ്ദിച്ച ഹോം നഴ്സ് അറസ്റ്റിൽ
തട്ട : അൽഷിമേഴ്സ് ബാധിതനും കിടപ്പുരോഗിയുമായ വൃദ്ധനെ ക്രൂരമായി മർദ്ദിച്ച് നഗ്നനാക്കി വലിച്ചിഴച്ച ഹോം നഴ്സിനെ കൊടുമൺ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം വിളക്കുടി കുന്നിക്കോട് ഭാസ്കര വിലാസത്തിൽ വിഷ്ണു (37) ആണ് അറസ്റ്റിലായത്. പന്തളം തെക്കേക്കര തട്ട പറപ്പെട്ടി സായി വീട്ടിൽ (സന്തോഷ് ഭവനം) ശശിധരൻ പിള്ള (60) ആണ് അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മറവിരോഗത്താലും മറ്റും പ്രയാസം അനുഭവിക്കുന്ന ശശിധരൻപിള്ള ഏഴ് വർഷമായി കിടപ്പിലാണ്. ബി എസ് എഫിൽ നിന്ന് വിരമിച്ച ഇദ്ദേഹത്തെ പരിചരിക്കുന്നതിനായി, അടൂരിലെ ഒരു ഏജൻസി മുഖാന്തരം ഒന്നരമാസം മുമ്പാണ് വിഷ്ണു എത്തിയത്.
ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിൽ അദ്ധ്യാപികയായ എം.എസ്.അനിത കഴിഞ്ഞ 23ന് ഉച്ചയ്ക്ക് വീട്ടിലേക്ക് ഫോൺ വിളിച്ചപ്പോൾ അസ്വഭാവികമായ ബഹളം കേൾക്കാനിടയായി. ഉടൻ അയൽവാസിയെ വിളിച്ച് വീട്ടിലെത്തി കാര്യങ്ങൾ തിരക്കാൻ ആവശ്യപ്പെട്ടു. അയൽവാസി എത്തിയപ്പോൾ ശശിധരൻപിള്ളയുടെ മുഖത്തും ശരീരത്തിലും പാടുകൾ കാണപ്പെട്ടു. വിഷ്ണുവിനോട് തിരക്കിയപ്പോൾ തറയിൽ വീണു പരിക്കേറ്റെന്നായിരുന്നു മറുപടി. എന്നാൽ വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ വീട്ടിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് മർദന ദൃശ്യങ്ങൾ ലഭിച്ചത്. ഉടൻ തന്നെ കൊടുമൺ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വടികൊണ്ടുള്ള കുത്തേറ്റ് ശശിധരൻ പിള്ളയുടെ ഇടതു കണ്ണിനു താഴെ അസ്ഥിക്ക് പൊട്ടലുണ്ടായി. ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് ഇടതുമുട്ടിന് താഴെ മുറിവും തറയിൽ തള്ളിയിട്ടു വലിച്ചത് കാരണം മുതുകിന് ചതവും സംഭവിച്ചു. അബോധാവസ്ഥയിലായ ശശിധരൻ പിള്ള പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊടുമൺ പൊലീസ് ഇൻസ്പെക്ടർ പി.വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്.ഐ.വിപിൻ കുമാർ, എസ്.സി.പിഒമാരായ കിരൺ കുമാർ, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.