തിരുനാവായ ശങ്കര മാരാർക്ക് പുരസ്‌കാരം
Monday 28 April 2025 12:00 AM IST
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിന്റെ ഭാഗമായ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരം അഷ്ടപദി കലാകാരൻ തിരുനാവായ ശങ്കര മാരാർക്ക്. 25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നാളെ രാത്രി ഏഴിന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കലാമണ്ഡലം കൽപ്പിത സർവ്വകലാശാല രജിസ്ട്രാർ ഡോ. പി.രാജേഷ് കുമാർ പുരസ്‌കാരം നൽകും. അഷ്ടപദി കച്ചേരിയും അരങ്ങേറും. മലപ്പുറം തിരുനാവായ കുന്നനാത്ത് സ്വദേശിയായ ശങ്കര മാരാർ തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുകയാണ്. സാമൂതിരി രാജ സുവർണ്ണ മുദ്ര പുരസ്‌കാരം, കേരള സംഗീത സഭയുടെ സോപാന സംഗീത ശ്രേഷ്ഠ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.