പൂരത്തിന് 4,000 "പൊലീസ് വലയം"
- അമ്പതോളം കമാൻഡോകൾ, നാലായിരം പൊലീസുകാർ
തൃശൂർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് വൻസുരക്ഷ ഒരുക്കാൻ പൊലീസ്. ആയുധധാരികളായ അമ്പതോളം കമാൻഡോകൾ അഞ്ച് സംഘങ്ങളായി പൂരത്തിന് സുരക്ഷ ഒരുക്കും. രണ്ട് പ്ലാറ്റൂൺ കമാൻഡോകളാണ് എത്തുന്നതെന്നും ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ് അറിയിച്ചു. ഡി.ജി.പി നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. പൂരം സുരക്ഷ വിലയിരുത്തുന്നതിന് ആദ്യമായാണ് ഡി.ജി.പിയെത്തുന്നത്. പൊലീസിന്റെ പൂരം ഒരുക്കം രണ്ടുമാസം മുമ്പ് ആരംഭിച്ചെന്നും പൊലീസ് മേധാവി അറിയിച്ചു. ലഹരിക്കെതിരെ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി പൂരത്തിന് സ്‌പെഷ്യൽ ടീമിനെ നിയോഗിക്കും. ആദ്യമായാണ് ഇത്തരമൊരു ടീമിനെ നിയോഗിക്കുന്നത്.
പരിചയ സമ്പന്നരും
നിർണായക സ്ഥലങ്ങളിൽ പരിചയ സമ്പന്നരായ ഡിവൈ.എസ്.പിമാരെയാണ് നിയോഗിക്കുക. ഇവർക്കൊപ്പം സിനീയറായ ഇൻസ്‌പെക്ടറെയും നിയോഗിക്കും. പൂരത്തിലെ നടത്തിപ്പുപരിചയം നേടുകയാണ് ലക്ഷ്യം. ആന്റിഡ്രോൺ സംവിധാനവും ഏർപ്പെടുത്തും. പുറത്തുനിന്നുള്ള ഡ്രോണുകളെ തടയുമ്പോൾ തന്നെ പൊലീസ് പത്ത് ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തും. ഒരു കമ്പനി എൻ.ഡി.ആർ.എഫ് സംഘവും പൂരത്തിനുണ്ടാകും.
വെടിക്കെട്ട് സ്ഥലത്ത് ഡി.ജി.പി
പൂരം വെടിക്കെട്ടുകൾ നടക്കുന്ന സ്ഥലം ഡി.ജി.പി പരിശോധിച്ചു. വടക്കുനാഥക്ഷേത്രം, തെക്കേഗോപുരത്തിന് സമീപവും പാറമേക്കാവിന്റെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലവും ശ്രീമൂലസ്ഥാനത്തിന് അപ്പുറമുള്ള തിരുവമ്പാടിയുടെ വെടിക്കെട്ട് സ്ഥലവും സന്ദർശിച്ചു. വെടിക്കെട്ടിന്റെ സംവിധാനകളെ കുറിച്ച് സംഘാടകർ വിശദീകരിച്ചു. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ഡോ.എം.ബാലഗോപാൽ, കെ.ഗിരീഷ് കുമാർ, ശശിധരൻ, ഉത്തരമേഖലാ ഐ.ജി രാജ്പാൽമീണ, റേഞ്ച് ഐ.ജി ഹരിശങ്കർ, കമ്മിഷണർ ആർ.ഇളങ്കോ തുടങ്ങിയവരും ഡി.ജി.പിക്ക് ഒപ്പമുണ്ടായിരുന്നു.
വൻ സുരക്ഷാവലയം
പൊലീസുകാർ 4000ൽ അധികം ഡിവൈ.എസ്.പിമാർ 35 ഇൻസ്‌പെക്ടർമാർ 71 സി.പി.ഒ 3400 വനിതാ സി.പി.ഒ 200 സിസി.ടി.വി 337 വാഹന പാർക്കിംഗ് ഏരിയ 44.