14 പ്രാദേശിക ഭീകരരുടെ പട്ടിക തയ്യാറാക്കി സുരക്ഷാ ഏജൻസികൾ

Sunday 27 April 2025 12:36 AM IST

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ നേരിട്ടോ പരോക്ഷമായോ പങ്കുണ്ടെന്ന് കരുതുന്ന ജമ്മു കാശ്‌മീരിൽ അടുത്ത കാലത്ത് സജീവമായ 14 ഭീകരരുടെ പട്ടിക രഹസ്യാന്വേഷണ ഏജൻസികൾ തയ്യാറാക്കി. 20-40 വയസ് പ്രായമുള്ള ഇവർ പാകിസ്ഥാനിൽ നിന്നെത്തുന്ന ഭീകരരെ വിവിധ സ്ഥലത്തിൽ എത്തിക്കുന്നത് അടക്കം താഴെതട്ടിൽ സഹായം നൽകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു.

അതിർത്തി കടന്നുവരുന്ന ഭീകരർക്ക് സഹായം ലഭിക്കുന്ന ശൃംഖലകൾ തകർത്താൽ ഭീകരാക്രമണങ്ങൾ അടക്കം നിയന്ത്രിക്കാനാകും. പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനിൽ നിന്നു വന്ന ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ വിലയിരുത്തൽ.

ഭീകര പ്രവർത്തകരുടെ ഇത്തരം ശൃഖലകൾ തകർക്കാൻ തെക്കൻ കാശ്മീരിലുടനീളം,പ്രത്യേകിച്ച് അനന്ത്നാഗ്,പുൽവാമ ജില്ലകളിൽ,സുരക്ഷാ സേന ഏകോപിത പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പട്ടികയിലുള്ള 14 പേരും ഈ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്.

ഇവരിൽ എട്ട് പേർ പാക് ഭീകര സംഘടന ലഷ്‌കർ ഇ തയ്ബയുമായും മൂന്ന് പേർ ജെയ്‌ഷെ മുഹമ്മദുമായും ബന്ധമുള്ളവരാണ്.

പട്ടികയിലുള്ളവർ:

ആദിൽ റഹ്‌മാൻ ഡെന്റു (21):2021 മുതൽ ലഷ്‌കർ പ്രവർത്തകനും നിലവിൽ സോപോർ ജില്ലാ കമാൻഡറും

ആസിഫ് അഹമ്മദ് ഷെയ്ഖ് (28): ലഷ്‌കർ അവന്തിപോര ജില്ലാ കമാൻഡർ. 2022 മുതൽ സജീവം.

അഹ്‌സൻ അഹമ്മദ് ഷെയ്ഖ് (23),ഹാരിസ് നസീർ (20),ആമിർ നസീർ വാനി (20): പുൽവാമ കേന്ദ്രീകരിച്ച് രണ്ടു വർഷമായി പ്രവർത്തിക്കുന്നവർ.

ആസിഫ് അഹമ്മദ് ഖണ്ഡേ(24):2015 ജൂലായ് മുതൽ ഹിസ്ബുൾ മുജാഹിദീനിൽ. ഷോപ്പിയാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. പാക് ഭീകരർക്ക് സഹായമൊരുക്കുന്നു.

യാവർ അഹമ്മദ് ഭട്ട്,നസിർ അഹമ്മദ് വാനി(21): പാക് ഭീകരരെ സഹായിക്കാൻ 2019 മുതൽ ഷോപ്പിയാനിൽ സജീവം.

ഷാഹിദ് അഹമ്മദ്(27): ഷോപ്പിയാൻ കേന്ദ്രീകരിച്ച് പ്രവർത്തനം. പഹൽഗാം ആക്രമത്തിൽ പങ്കുണ്ടെന്ന് അവകാശപ്പെട്ട ടി.ആർ.എഫുമായും ബന്ധം.

ആമിർ അഹമ്മദ് ദർ,അദ്‌നാൻ സഫി ദർ:ഷോപ്പിയാൻ കേന്ദ്രീകരിച്ച് ഭീകരർക്ക് പാകിസ്ഥാനിൽ നിന്നുള്ള വിവരങ്ങൾ കൈമാറുന്നു

സുബൈർ അഹമ്മദ് വാനി അബു ഉബൈദ ഉസ്മാൻ (39):അനന്ത്‌നാഗ് ജില്ലയിലെ ഹിസ്ബുൾ മുജാഹിദീന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡർ. എ+ വിഭാഗത്തിൽപ്പെട്ട ഉഗ്ര ഭീകരൻ. 2018 മുതൽ സുരക്ഷാ സേനയ്‌ക്കെതിര ആക്രമണങ്ങൾ നടത്തുന്നു

ഹാറൂൺ റാഷിദ് ഗനായ് (32): അനന്ത്‌നാഗിൽ നിന്നുള്ള ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ. പാക് പരിശീലനം നേടി 2018 മുതൽ കാശ്മീരിലെത്തി. ഇടയ്‌ക്ക് പാക് അധിനിവേശ കശ്മീരിൽ പ്രവർത്തിച്ച ശേഷം അടുത്തിടെ കാശ്മീരിൽ തിരിച്ചെത്തി.

സക്കീർ അഹമ്മദ് ഗനി(29): ജമ്മു കാശ്മീരിലെ കുൽഗാം ജില്ലാ സ്വദേശി. സുരക്ഷാ സേനയ്‌ക്കെതിരായ നടന്ന വിവിധ ആക്രമണങ്ങളിൽ പങ്കാളി.