ഇന്ത്യൻ പ്രഹരം മൗനം വെടിഞ്ഞു; അന്വേഷണത്തിന് തയ്യാറെന്ന് പാക് പ്രധാനമന്ത്രി

Sunday 27 April 2025 1:05 AM IST

ഇസ്ലാമാബാദ്: ഇന്ത്യൻ പ്രഹരത്തിൽ അടിപതറുന്നുവെന്ന സൂചന നൽകി അന്വേഷണവുമായി സഹകരിക്കാമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഏത് അന്വേഷണത്തിനും പകിസ്ഥാൻ തയ്യാറെന്നാണ് ഇന്നലെ പാക് മിലിട്ടറി അക്കാഡമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഷഹബാസ് അറിയിച്ചത്.

ആറു ദിവസം മുൻപ് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഷഹബാസ് നടത്തുന്ന ആദ്യ പ്രതികരണമാണിത്. പഹൽഗാമിലെ ആക്രമണവുമായി ബന്ധപ്പെട്ട് നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിനും പാകിസ്ഥാൻ തയാറാണ്. തെളിവില്ലാതെ കുറ്റപ്പെടുത്തുന്നു. സമാധാനത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല', ഷെഹബാസ് പറഞ്ഞു.

അതേസമയം, സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ

നടപടിയെക്കുറിച്ചും ഷെഹബാസ് പ്രതികരിച്ചു. പാകിസ്ഥാന് അവകാശപ്പെട്ട ജലം തടയാൻ ശ്രമിച്ചാൽ പൂർണ ശക്തിയോടെ മറുപടി നൽകും. സിന്ധു നദി പാകിസ്ഥാന്റെ ജീവനാഡിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പരമാധികാരത്തെയും അതിന്റെ പ്രദേശിക സമഗ്രതയെയും സംരക്ഷിക്കാൻ സായുധസേന പൂർണമായും പ്രാപ്‌തവും സജ്ജവുമാണെന്നും. കാശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടരുമെന്നും ഷഹബാസ് പറഞ്ഞു.

ലോക ബാങ്കിന് പരാതി

സിന്ധു നദിജല കരാർ ഇന്ത്യ മരവിപ്പിച്ചതിനെതിരെ ലോകബാങ്കിനെ സമീപിക്കാനൊരുങ്ങി പാകിസ്ഥാൻ. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഇക്കാര്യം അറിയിച്ചത്. 1960ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച കരാറാണിതെന്നും കരാറിനെക്കുറിച്ച് ഇന്ത്യയ്ക്ക് ഏകപക്ഷീയമായ തീരുമാനം എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.