ജനസാഗരം സാക്ഷി, വലിയ ഇടയന് വിട

Sunday 27 April 2025 7:02 AM IST

വത്തിക്കാൻ: പ്രമുഖർ അടക്കം ഏകദേശം 2,50,000 പേരാണ് ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾക്ക് സാക്ഷിയായത്. ഇതിൽ 50,000 പേർ സെന്റ് പീറ്റേഴ്സ് ചത്വരത്തിലും മറ്റുള്ളവർ ചുറ്റുമായും അണിനിരന്നെന്നാണ് കണക്ക്.

സെന്റ് പീറ്റേഴ്സ് ബസിലിക്ക മുതൽ മാർപാപ്പയുടെ ഭൗതികദേഹം അടക്കം ചെയ്ത റോമിലെ സെന്റ് മേരി മേജർ ബസിലിക്ക വരെയുള്ള പാതയിൽ വിലാപയാത്ര കാണാൻ 1,50,000 പേരും എത്തി. 2023ൽ മുൻ മാർപാപ്പ ബെനഡിക്‌ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങിന് ഏകദേശം 50,000 പേരാണ് പങ്കെടുത്തത്. 2005ൽ ജോൺ പോൾ രണ്ടാമന്റെ സംസ്കാരച്ചടങ്ങിന് ഏകദേശം 300,000 പേരും സാക്ഷികളായെന്നാണ് കണക്ക്.

വിശാലമായ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം വഹിക്കുന്ന പെട്ടിയുടെ മുന്നിൽ ഒരു വശത്ത് ലോകനേതാക്കളും മറുവശത്ത് പുരോഹിതരുമായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 250ഓളം കർദ്ദിനാൾമാരും 400ഓളം ബിഷപ്പുമാരും 4,000 പുരോഹിതരും കന്യാസ്ത്രീകളും മറ്റും ഫ്രാൻസിസ് മാർപാപ്പയ്ക്ക് അവസാനമായി യാത്രയേകാൻ ഇന്നലെ എത്തിയിരുന്നു.

 വെളുത്ത കല്ലറ,​ ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ്

റോമിലെ വിശ്വപ്രസിദ്ധമായ സെന്റ് മേരി മേജർ ബസിലിക്കയിൽ ലളിതമായൊരുക്കിയ കല്ലറയിലാണ് ലാളിത്യത്തിന്റെ പ്രതീകമായ ഫ്രാൻസിസ് പാപ്പ അന്ത്യവിശ്രമം കൊള്ളുന്നത്. ബസിലിക്കയിൽ,​ സെന്റ് ഫ്രാൻസിസിന്റെ അൾത്താരയ്ക്കു സമീപം​ പോളിൻ ചാപ്പലിനും സ്‌ഫോർസ ചാപ്പലിനും ഇടയിലെ ഇടനാഴിയുടെ വശത്തെ ഭിത്തിയോടു ചേർന്നാണ് കല്ലറ. തന്റെ പൂർവ്വികരുടെ നാടായ ലിഗ്യൂരിയയിൽ നിന്നുള്ള കല്ലുകളാൽ കല്ലറ ഒരുക്കണമെന്ന് മാർപാപ്പ ആഗ്രഹിച്ചിരുന്നു. പ്രത്യേക അലങ്കാരങ്ങളൊന്നുമില്ലാത്ത വെളുത്ത നിറത്തിലെ കല്ലറയ്ക്ക് മുകളിൽ ഫ്രാൻസിസ് എന്ന് ലാറ്റിനിൽ എഴുതിയിട്ടുണ്ട്.

വിലാപയാത്ര കടന്നുപോയ വഴികളിൽ 'ചാവോ, ഫ്രാൻസെസ്കോ (വിട, ഫ്രാൻസിസ്) എന്ന് ഉറക്കെ ചൊല്ലിയും പൂക്കൾ വർഷിച്ചും വിശ്വാസികൾ യാത്രാമൊഴിയേകി. സൈപ്രസ് തടി,​ ലെഡ്,​ ഓക്ക് തടി എന്നിവയാൽ തീർത്ത മൂന്ന് പെട്ടികൾക്കുള്ളിലാണ് പരമ്പരാഗതമായി മാർപാപ്പമാരുടെ ഭൗതികശരീരം അടക്കം ചെയ്യുക. എന്നാൽ,​ തന്നെ അടക്കം ചെയ്യാൻ ലളിതമായ ഒരൊറ്റ തടിപ്പെട്ടി മതിയെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.

കുടിയേറ്റക്കാരെയും യുദ്ധത്തിൽ നിലാരംബരായവരെയും ചേർത്തുപിടിച്ച പാപ്പയെ അവസാനമായി ഒരുനോക്കു കാണാൻ കഴിഞ്ഞ മൂന്നു ദിവസം 2,00,000ലേറെ വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയത്.

 ഒരു നൂറ്റാണ്ടിന് ശേഷം വത്തിക്കാന് പുറത്ത് അന്ത്യവിശ്രമം

സെന്റ് പീറ്രേഴ്സ് ബസിലിക്കയിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുൻഗാമികൾ അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ ഈ പതിവ് പിന്തുടരാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിച്ചില്ല. ആത്മീയമായും വൈകാരികമായും തനിക്ക് ഏറെ അടുപ്പമുള്ള റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ തനിക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

വത്തിക്കാൻ അദ്ദേഹത്തിന്റെ അഭിലാഷം സാദ്ധ്യമാക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിന് ശേഷമാണ് വത്തിക്കാന് പുറത്ത് ഒരു മാർപാപ്പയെ സംസ്കരിക്കുന്നത്. ലിയോ 13 - ാമനാണ് അവസാനമായി വത്തിക്കാന് പുറത്ത് സംസ്കരിക്കപ്പെട്ട മാർപാപ്പ. 1903ൽ റോമിലെ സെന്റ് ജോൺ ദ ലാറ്ററൻ ബസിലിക്കയിലായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം.

 കോൺക്ലേവിലേക്ക് ഉറ്റുനോക്കി ലോകം

അടുത്ത മാർപാപ്പ ആരാകും എന്ന് തീരുമാനിക്കുന്ന 'കോൺക്ലേവി"ലേക്ക് ഉറ്റുനോക്കുകയാണ് ലോകം. മേയ് 6നോ അതിനുശേഷമോ (മാർപാപ്പയുടെ മരണശേഷം 15- 20 ദിവസത്തിനിടെയാണ് കോൺക്ലേവ് തുടങ്ങുക) വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ തുടങ്ങുന്ന കോൺക്ലേവിൽ കോളേജ് ഒഫ് കർദ്ദിനാൾസിലെ 135 കർദ്ദിനാൾമാർക്കാണ് വോട്ടവകാശം.

കോൺക്ലേവ് നടക്കുമ്പോൾ പുറത്തുനിന്നുള്ള ആരെയും സിസ്റ്റീൻ ചാപ്പലിലേക്ക് പ്രവേശിപ്പിക്കില്ല. ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് ഉയരുന്ന പുകയുടെ നിറത്തിലൂടെയാണ് മാർപാപ്പയെ തിരഞ്ഞെടുത്തോ എന്ന് പുറംലോകം മനസിലാക്കുന്നത്. കറുത്ത പുകയാണെങ്കിൽ തിരഞ്ഞെടുത്തില്ലെന്നും വെളുത്ത പുകയെങ്കിൽ തിരഞ്ഞെടുത്തു എന്നുമാണ് അർത്ഥം.

മാർപാപ്പ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് വോട്ട് ലഭിക്കും വരെ തിരഞ്ഞെടുപ്പ് പ്രക്രിയ തുടരും. കർദ്ദിനാൾമാരായ പിയട്രോ പരോളിൻ, റോബർട്ട് സാറ, മാറ്റിയോ സുപ്പി, പീറ്റർ ടർക്‌സൺ, പീറ്റർ എർഡോ, ലൂയിസ് ആന്റണിയോ ടാഗിൾ തുടങ്ങിയവരുടെ പേരുകൾ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.