കോളേജിലെ തർക്കം; വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി

Sunday 27 April 2025 9:06 AM IST

കോഴിക്കോട്: പാലക്കോട്ടുവയലിൽ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലക്കണ്ടി സ്വദേശിയും ശ്രീനാരായണ കോളേജ് വിദ്യാർത്ഥിയുമായ സൂരജ് (20) ആണ് മരിച്ചത്. സൂരജിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെയും പൊലീസ് കേസെടുത്തു.

കോളേജിലെ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മരിച്ച സൂരജിന്റെ സുഹൃത്തും പിടിയിലായ രണ്ടുപേരും തമ്മിൽ കോളേജിൽവച്ച് പ്രശ്നം ഉണ്ടായിരുന്നു. ഇതിൽ സൂരജ് ഇടപെട്ടതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ പാലക്കോട് വയലിലെ അമ്പലത്തിൽ ഉത്സവം നടന്നിരുന്നു. ഇവിടയെത്തിയ സൂരജിനെ ഒരുസംഘം ആളുകൾ കൂട്ടിക്കൊണ്ട് പോവുകയും മർദ്ദിക്കുകയുമായിരുന്നു. പ്രശ്‌നത്തിൽ ഇടപെട്ട നാട്ടുകാർ യുവാക്കളെ പിരിച്ചുവിട്ടു. പിന്നീട് വീണ്ടും സംഘർഷമുണ്ടാവുകയും സൂരജ് കൊല്ലപ്പെടുകയുമായിരുന്നു.

ശ്രീനാരായണ കോളേജ് വിദ്യാർത്ഥികളായ അജയ് (20), വിജയ് (19) ഇവരുടെ പിതാവ് മനോജുമാണ് കസ്റ്റഡിയിലുള്ളത്. സൂരജിന്റെ മരണത്തിന് പിന്നാലെ ഒരുസംഘമാളുകൾ ഇവരുടെ വീടും വാഹനവും അടിച്ചുതകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സൂരജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.