പാമ്പ് വീട്ടിൽ വരുന്നത് നല്ലതോ ദോഷമോ? ഇടയ്ക്കിടെ ഒരേസ്ഥലത്ത് തന്നെ എത്തുന്നതിന്റെ കാരണം

Sunday 27 April 2025 1:12 PM IST

മനുഷ്യർ ഏറ്റവും അധികം ഭയക്കുന്ന ജീവികളിൽ ഒന്നാണ് പാമ്പ്. കടിയേറ്റാൽ മരണസാദ്ധ്യത കൂടുതലാണ് എന്നതുതന്നെയാണ് ഇതിന്റെ പ്രധാന കാരണം. മാത്രമല്ല, എത്രതന്നെ ശ്രദ്ധിച്ചാലും പാമ്പ് കയറി വരുന്നതിനെ പൂർണമായി ഒഴിവാക്കാനും സാധിക്കില്ല. എന്നാൽ പാമ്പിനെ ഭയക്കുന്നതിനൊപ്പം തന്നെ ആരാധിക്കുന്നവരും ധാരാളമുണ്ട്. ജ്യോതിഷത്തിൽ പാമ്പ് വീട്ടിൽ വരുന്നതിന് ചില കാരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.

പണ്ടുകാലത്ത് പതിവായി സർപ്പാരാധന നടത്തിയിരുന്ന സ്ഥലത്ത് അത് മുടങ്ങിയതുകൊണ്ടാകാം പാമ്പ് ഒരേസ്ഥലം തന്നെ ലക്ഷ്യമാക്കി വീണ്ടും വരുന്നത്. സുബ്രഹ്മണ്യ ക്ഷേത്രം, ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ നേർച്ച മറന്നാലും ഇത്തരത്തിൽ സംഭവിക്കാം.

അതേസമയം, യാത്ര പുറപ്പെടുന്നതിന് മുൻപ് പാമ്പിനെ കാണുന്നത് നല്ലതാണ്. വീട്ടിൽ പാമ്പ് കയറി വരുന്നത് ഐശ്വര്യമാണെന്നും പറയപ്പെടുന്നു. നല്ലത് നടക്കാൻ പോകുന്നു എന്ന് ദൈവം സൂചന നൽകുന്നതാണിത്. സാമ്പത്തികമായി ഉയർച്ച ഉണ്ടാകും എന്നതിന്റെ സൂചനയാണത്. ചില ദോഷങ്ങൾ ഒഴിഞ്ഞ് പോവുകയും ചെയ്യും. അതിനാൽ വീട്ടിലോ മുറ്റത്തോ വരുന്ന പാമ്പിനെ കൊല്ലാൻ പാടില്ലെന്നും ജ്യോതിഷത്തിൽ പറയുന്നു.

കോലോ മറ്റോ കൊണ്ട് തട്ടി പാമ്പിനെ ഇഴഞ്ഞുപോകാൻ അനുവദിക്കണം. ഭൂമിയുടെ രക്ഷകരായാണ് പൂർവികർ പാമ്പിനെ ആരാധിച്ചിരുന്നത്. പാമ്പ് കൃഷിക്കാരന്റെ മിത്രമാണ്. ധാന്യങ്ങളും മറ്റും തിന്നു നശിപ്പിക്കുന്ന എലിയെ പിടിച്ചു തിന്നുന്നതുകൊണ്ടാണ് പാമ്പ് കൃഷിക്കാരന്റെ മിത്രമാകുന്നത്.