ഈ ക്ഷേത്രത്തിൽ ഉള്ളത് അയ്യപ്പന്റെ അപൂർവ പ്രതിഷ്ഠ, കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രം
തൃശൂർ: ദേശീയപാതയിൽ കുരുക്കുള്ള കാലം. കുതിരാൻമല ശ്രീധർമ്മ ശാസ്താവിനെ കടന്ന് ദേശീയപാതയിലൂടെ വാഹനങ്ങൾ പായുമ്പോൾ മുറ്റം നിറയെ നാണയത്തുട്ടുകൾ നിറയും. കുരുക്കില്ലാതെ രക്ഷപ്പെടാൻ നൂറുകണക്കിന് വരുന്ന ബസ് തൊഴിലാളികൾ കരിമ്പാറക്കെട്ടിൽ നാളികേരമുടയ്ക്കും. ഇരുന്നൂറോളം പേർ നിത്യേന അന്നദാനത്തിനെത്തും. അവധി ദിനങ്ങളിൽ ഇത് അഞ്ഞൂറാകും. കുരുക്കൊഴിഞ്ഞ് വാഹനങ്ങൾ ഇരട്ടത്തുരങ്കം കയറാൻ തുടങ്ങിയ കാലം, ക്ഷേത്രത്തിന്റെ പ്രതാപമെല്ലാം പഴങ്കഥയായി. വാഹനയോട്ടം നിലച്ചു. ക്ഷേത്രം പുതിയ ദേശീയപാതയിൽ നിന്നുമേറെ അകന്നു. സമൃദ്ധിയുടെ നിറവിൽ നിന്നും പതിയെ കാനനക്ഷേത്രത്തിലേക്ക് മാറി ക്ഷേത്രം. രാത്രിയിൽ ആനയും എല്ലാ സമയത്തും കുരങ്ങനുമിറങ്ങും. ചുറ്റുപാടും കാടെടുത്തു. വരുമാനവും കുറഞ്ഞു. കുതിരാൻ തുരങ്കത്തിന് അപ്പുറമുള്ള പൊട്ടിപ്പൊളിഞ്ഞ പഴയ ദേശീയപാതയിലൂടെ മാത്രമേ ക്ഷേത്രത്തിലേക്ക് എത്താനാകൂ.
റോഡ് തുറക്കണം
കുതിരാൻമലയിലെ ക്ഷേത്രത്തിന് മുമ്പിലൂടെയുള്ള സർവീസ് റോഡ് പണികഴിപ്പിക്കണമെന്നത് നൂറുകണക്കിന് കുടുംബങ്ങളുടെയും ആവശ്യമാണ്. ദേശീയപാത 544ൽ പാലക്കാട് ഭാഗത്തുള്ള കൊമ്പഴയിൽ നിന്നുള്ള പൊട്ടിത്തകർന്ന റോഡ് മാത്രമാണ് ഇവിടേക്കുള്ള ഏകവഴി. തൃശൂർ ഭാഗത്തെ വഴുക്കുംപാറയിലേക്കുള്ള വഴി കൂടി തുറക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വഴുക്കുംപാറ - കൊമ്പഴ സർവീസ് റോഡ് കുതിരാൻ മല ക്ഷേത്രം വഴി നിർമ്മിക്കണമെന്നതാണ് പ്രദേശവാസികളുടെയും ഭക്തരുടെയും ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നാട്ടുകാർ സർക്കാരുകൾക്കും സുരേഷ് ഗോപി എം.പിക്കും ദേശീയപാതാ അതോറിറ്റിക്കും പരാതി നൽകിയെങ്കിലും നിർമ്മാണം എങ്ങുമെത്തിയിട്ടില്ല.
ക്ഷേത്ര ഐതിഹ്യം
നൂറ്റാണ്ടുകളോളം പഴക്കമുള്ള ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കുതിരപ്പുറത്തുള്ള അയ്യപ്പനാണ് പ്രതിഷ്ഠ. പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട പെരുവനം ഗ്രാമത്തിന്റെ നാലതിരുകളിലൊന്ന് കാക്കുന്നയാളാണ് ദേവനെന്നാണ് ഐതിഹ്യം. 11 പ്രതിഷ്ഠകളുള്ള ക്ഷേത്രത്തിന്റെ തന്ത്രി പറവൂർ രാകേഷ് തന്ത്രികളാണ്. കരുണനാണ് മേൽശാന്തി. ശബരിമല തീർത്ഥാടകർക്ക് വിരി വയ്ക്കാനും മറ്റും സൗകര്യം ഒരുക്കി നൽകാറുണ്ട്. മുൻപ് എല്ലാ ദിവസവും അന്നദാനമുണ്ടായിരുന്നു. ഇപ്പോൾ ശനിയും ഞായറും മാത്രമായി. രാവിലെ അഞ്ച് മുതൽ 11 വരെയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയും ദർശനം. നേരത്തെ 16 ജീവനക്കാരുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആറ് പേരേയുള്ളൂ.