കുറ്റമേതായാലും ജാമ്യക്കാർ റെഡി.... പണമെറിഞ്ഞാൽ മതി, പുറത്തിറങ്ങാം
കോട്ടയം: ആളില്ലെങ്കിൽ കോടിതിയിൽ നിന്ന് ജാമ്യമെടുത്ത് തരും. കള്ളസാക്ഷിയും പറയും. പണം മാത്രം കൊടുത്താൽ മതി. ക്രിമിനലുകളെ പുറത്തിറക്കാൻ ജില്ലയിൽ പ്രത്യേക സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത് ഉമറാംഗിന് മോഷണക്കേസിൽ ജാമ്യം നൽകിയവരെപ്പറ്റി അന്വേഷിച്ചപ്പോഴാണ് ഇത്തരക്കാരെക്കുറിച്ച് വിവരം ലഭിച്ചത്. സാധാരണ പ്രതിയാകുന്നവരെ ജാമ്യത്തിലിറക്കുന്നത് സുഹൃത്തുക്കളോ ബന്ധുക്കളോ ആണ്. എന്നാൽ യാതൊരു ബന്ധമോ, മുൻകൂട്ടി പരിചയമോ ഇല്ലെങ്കിലും ജാമ്യം നിൽക്കാൻ ആരുമില്ലാത്തവർക്കാണ് ഇക്കൂട്ടരുടെ 'സഹായം' ലഭിക്കുക. പറയുന്ന തുക സമ്മതിച്ചാൽ കോടതിയിൽ നിന്ന് ആൾജാമ്യം ലഭിക്കും. ഒരുവിഭാഗം അഭിഭാഷകരുടെ സഹായവുമുണ്ട്. ഇവർക്കും വിഹിതം ലഭിക്കുന്നുണ്ടെന്നാണ് സൂചന. വനിതകളടക്കമുള്ള സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
പ്രതി മുങ്ങിയാലും ഊരാം
ജാമ്യം ലഭിക്കുന്ന പ്രതി വിചാരണ സമയത്ത് മുങ്ങിയാലും ജാമ്യക്കാർക്ക് കാര്യമായ പ്രശ്നങ്ങളുണ്ടാവില്ല. ജാമ്യത്തുക അടച്ചാൽ മതി. ഇത് കൂടി മുൻകൂട്ടിക്കണ്ടുള്ള തുകയാണ് വാങ്ങുന്നത്. മുങ്ങുന്നവർ വിരളമായതിനാൽ ആ റിസ്കും കുറവാണ്. ഇതിന് പുറമേയാണ് കള്ളസാക്ഷി പറച്ചിൽ. കള്ളസാക്ഷി പറയുന്നവർ പതിവുകാരല്ല. കേസും കോടതിയുമൊക്കെ നോക്കി കൃത്യമായ ഇടവേളകളിലാണ് ഇവരെ അഭിഭാഷകർ ഉപോയഗിക്കുക. പഠിപ്പിച്ച് കൊടുക്കുന്നത് അതേപടി പറയും. ചിലപ്പോൾ സാക്ഷി മൊഴി കോടതി ഗൗരവമായി കാണും. മറിച്ചെങ്കിൽ തള്ളിക്കളയും.