കുത്തനെ ഇടിഞ്ഞ് പൈനാപ്പിൾ വില
കോട്ടയം : അനുകൂല കാലാവസ്ഥയും സാഹചര്യവും പക്ഷേ, പൈനാപ്പിൾ വില കുത്തനെ ഇടിയുകയാണ്. 52 ൽ നിന്ന് 27 ലേക്കാണ് കൂപ്പുകുത്തിയത്. ദിവസവും ഒരു രൂപവച്ച് കുറയുകയാണ്. ഒരു മാസത്തിനിടെയിടെയുണ്ടായ വൻവിലയിടിവ് കർഷകരെ ദുരിതത്തിലാക്കി. ഉത്തരേന്ത്യയിൽ വിലയിടിഞ്ഞതും ഇടനിലക്കാരുടെ ചൂഷണവുമാണ് വിലയിടിവിന് കാരണമെന്നാണ് കർഷകർ പറയുന്നത്. അതേസമയം ചില്ലറ വിപണിയിൽ കാര്യമായ വിലക്കുറവില്ല.
പൈനാപ്പിളിന്റെ വില നിശ്ചയിക്കുന്ന വാഴക്കുളം മാർക്കറ്റിൽ പഴത്തിന് 27 ഉം, സ്‌പെഷ്യൽ ഗ്രേഡ് പച്ചയ്ക്ക് 26 ഉം , പച്ചയ്ക്ക് 24 രൂപയുമാണ് വില. ഈ മാസം ആദ്യം യഥാക്രമം 52, 48, 46 എന്നിങ്ങനെയായിരുന്നു വില. കഴിഞ്ഞ വർഷം ഇതേ സമയം 48, 46, 52 ക്രമത്തിലും. മഴ പെയ്തിട്ടും ചൂട് കുറയാതെ നിന്നത് ഇത്തവണ ഉത്പാദനത്തെ ബാധിച്ചിരുന്നു. മാർച്ചിലും, ഈ മാസം തുടക്കത്തിലും മികച്ച വില ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കിലും കൈതച്ചെടികൾ കരിഞ്ഞുണങ്ങുന്നത് വെല്ലുവിളിയായി.
ഉത്പാദനം കുറഞ്ഞു, ചെലവ് കൂടി റംസാൻ സീസണിൽ മികച്ച വിളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. നോമ്പ് തുറകൾക്ക് അടക്കം പൈനാപ്പിളിന് ആവശ്യക്കാർ വർദ്ധിച്ച സാഹചര്യത്തിലും വേണ്ടത്ര പഴം എത്തിക്കാൻ കഴിഞ്ഞില്ല. വേനലിന്റെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടും ഉത്പാദനം പകുതിയായി കുറഞ്ഞു. ഓരോ വർഷവും രംഗത്ത് നിന്ന് നിരവധിപ്പേരാണ് കൃഷിയിൽ നിന്ന് പിൻവാങ്ങുന്നത്. സംസ്ഥാനത്ത് എറണാകുളം കഴിഞ്ഞാൽ പിന്നീട് ഉത്പാദനം നടക്കുന്നതിൽ രണ്ടാംസ്ഥാനമാണ് ജില്ലയ്ക്ക്. പൊൻകുന്നം, ളാക്കാട്ടൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, മണർകാട്, അയർക്കുന്നം, മറ്റക്കര, അമയന്നൂർ, നെടുംകുന്നം തുടങ്ങി വിവിധ മേഖലകളിലാണ് കൈതകൃഷിയുള്ളത്. പാട്ട വ്യവസ്ഥയിലാണ് പലയിടത്തും കൃഷി. ഇതിന്റെ തുകയ്‌ക്കൊപ്പം കൂലിച്ചെലവും വർദ്ധിച്ചു.
''ഡിമാൻഡ് വർദ്ധിക്കേണ്ടതാണ്. പക്ഷേ, വില ഇടിക്കുകയാണ്. കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ പറയുന്ന വിലയ്ക്ക് കൊടുക്കേണ്ടി വരുന്നു.
-കർഷകർ