'മധുരി'ക്കാതെ തേൻ കൃഷി

Monday 28 April 2025 5:57 AM IST

കിളിമാനൂർ: തേനീച്ച കർഷകർക്ക് ദുരിതം വിതച്ച് വേനൽമഴ. ആദ്യമായിട്ടാണ് ഇത്രയും മോശം സീസണെന്ന് കർഷകർ പറയുന്നത്.സീസൺ സമയമായിട്ടും ഭീമമായ നഷ്ടമാണ് ഇത്തവണത്തേത്. ഒരു പെട്ടിക്കുള്ളിൽ നിന്ന് മുൻകാലങ്ങളിൽ 12 കിലോ വരെ തേൻ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ നാലായി കുറഞ്ഞു. വൻതേനാണ് കൂടുതലായും കൃഷി ചെയ്യുന്നത്.ഒരു കിലോ തേനിന്റെ വില 180, 200 രൂപയാണ്. മുൻകാലങ്ങളിൽ 260 രൂപ വരെ ലഭിച്ചിരുന്നു. ചെറുതേൻ കിലോയ്ക്ക് 3000 രൂപയാണ് വില.കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് തേനെടുത്തശേഷം,അധിക വിലയ്ക്ക് വിൽക്കുന്ന ഇടനിലക്കാർ സജീവമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗുണമേന്മ കുറഞ്ഞതുമായ വ്യാജതേനുകളും വിപണി കീഴടക്കി.

വില(കിലോയ്ക്ക്)

വൻ തേനിന്........180 മുതൽ200 വരെ

ചെറുതേൻ..... 3000 രൂപ

 ചെലവേറും

റബറിന്റെ തളിരില മൂപ്പിടുമ്പോഴാണ് ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്നത്. റബറിന് വില കുറഞ്ഞതോടെ മലയോരമേഖലയിലെ നിരവധി മരങ്ങൾ വെട്ടിമാറ്റി കൈത, മറ്റ് പച്ചക്കറി കൃഷികളിലേക്ക് തിരിഞ്ഞതും പ്രതിസന്ധിയായി. മഴക്കാലത്ത് തേനീച്ചയുടെ പരിപാലനം ചെലവേറിയതാണ്.

ഒരു പെട്ടിക്ക് 200 ഗ്രാം പഞ്ചസാര വേണം. വർഷകാല സംഭരണത്തിനായി ഒരു കൂടിന് ഒന്നരകിലോയിലധികം പഞ്ചസാര വേണ്ടിവരും.

 ഫലം കാണാതെ പരിശീലനവും

റബർ ബോർഡ്, ഖാദി ബോർഡ്, ഹോർട്ടികോർപ്പ് തുടങ്ങിയവ തേനീച്ചകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലന പദ്ധതികൾ നടത്തുന്നുണ്ട്. എന്നാൽ പുതിയ തലമുറ മേഖലയിലേക്ക് എത്തുന്നത് കുറവാണ്. തേനീച്ചയുടെ കുത്ത്,പരിപാലനം,ചെലവ് തുടങ്ങിയവ വെല്ലുവിളി നിറഞ്ഞതാണ്. തേനിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിച്ചാൽ കർഷകർക്ക് വിപണി ലഭ്യമാകും.