വോൾട്ടേജ് ക്ഷാമത്തിൽ ഇരുട്ടിലായി അഴൂർ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്ന് ആവശ്യം

Monday 28 April 2025 6:31 AM IST

മുടപുരം: അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം വട്ടവിള,മൂലയിൽ,ആൽത്തറമൂട് പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമാകുന്നതായി നാട്ടുകാർക്ക് പരാതി. പഞ്ചായത്തിലെ 8-ാം വാർഡിലാണ് ഈ പ്രദേശങ്ങൾ.സന്ധ്യ കഴിഞ്ഞാൽ വോൾട്ടേജ് ഇല്ലാത്തതിനാൽ വീടുകളിൽ മിക്സി പ്രവർത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. വോൾട്ടേജ് ക്ഷാമം രൂക്ഷമായതോടെ വിദ്യാർത്ഥികളും വീട്ടമ്മമാരും ബുദ്ധിമുട്ടിലാണ്. ഇതിനു പരിഹാരം കാണാൻ ഇവിടെ പുതിയ ട്രാസ്‌ഫോർമാർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇപ്പോൾ ഈ പ്രദേശത്ത് ധാരാളം പുതിയ ഇരുനില ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിർമ്മിച്ചു.എ.സി ഉൾപ്പെടെ ആധുനിക സൗകര്യമുള്ള വീടുകളുണ്ട്.തടി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ,റൈസ് മില്ലുകൾ, വെൽഡിംഗ് വർക്സ് തുടങ്ങിയ സ്ഥാപനങ്ങളും രണ്ടെണ്ണം വീതം പുതിതായി ഈ ഈ സ്ഥലത്ത് ആരംഭിച്ചു.അതിനാൽ വൈദ്യുതി ഉപയോഗം വളരെയേറെ വർദ്ധിച്ചു.അതിന് അനുസൃതമായി ഇവിടെ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ടില്ല.ഇതാണ് വോട്ടേജ് ക്ഷാമത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.വോട്ടേജ് ക്ഷാമം പരിഹരിക്കാൻ കെ.എസ്.ഇ.ബി ചിറയിൻകീഴ് സെക്ഷൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ദുരിതത്തിലായത്

മുട്ടപ്പലം പുഞ്ചമുക്കിൽ നിന്ന് മൂലയിൽ പോകുന്ന റോഡിനും ആൽത്തറമൂട് ജംഗ്ഷനിൽ പോകുന്ന റോഡിന്റെയും ഇരുവശങ്ങളിലുമുള്ള നൂറിൽപരം വീട്ടുകാർക്കാണീ ദുരവസ്ഥ.

30 വർഷം പഴക്കം

30 വർഷങ്ങൾക്ക് മുൻപ് മുട്ടപ്പലം ഗുരുമന്ദിരത്തിന് സമീപം സ്ഥാപിച്ച ട്രാസ്‌ഫോർമാരിൽ നിന്നാണ് മേൽ പറഞ്ഞ പ്രദേശങ്ങളിലേക്ക് വൈദുതിയെത്തുന്നത്.

സ്ഥലമുണ്ട്

ആൽത്തറമൂട് നവഭാവന സമിതിക്ക് സമീപം നിലവിൽ ഇടതോടിനു സമീപം നിലവിലുള്ള ട്രാസ്‌ഫോമറിന് സമീപവും പുതിയ ട്രാസ്‌ഫോർമാർ സ്ഥാപിക്കാൻ സ്ഥലമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.ഇ.ബി ചിറയിൻകീഴ് സെക്ഷന്റെ കീഴിലാണ് ഈ പ്രദേശം.

വോൾട്ടേജ് ക്ഷാമം മൂലം ദീർഘനാളായി നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുത്ത് ഇവിടെ പുതിയ ട്രാസ്‌ഫോർമാർ സ്ഥാപിക്കണം.

സി.രാമചന്ദ്രൻ,സെക്രട്ടറി,

എസ്.എൻ.ഡി.പി യോഗം,മുട്ടപ്പലം ശാഖ