ഐ എം ഗെയിം മേയ് 3ന് തിരുവനന്തപുരത്ത്

Monday 28 April 2025 6:00 AM IST

ഈ ഷെഡ്യൂളിൽ ദുൽഖർ പങ്കെടുക്കില്ല

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ.എം. ഗെയിം മേയ് 3ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

തിരുവനന്തപുരം ഷെഡ്യൂളിൽ ദുൽഖർ സൽമാൻ ഉണ്ടാകില്ല. ഏറെ നാളുകൾക്കുശേഷമാണ് ദുൽഖർ സൽമാൻ ചിത്രത്തിന് തിരുവനന്തപുരം ലൊക്കേഷനാകുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂുട്ട് ആണ് ദുൽഖർ നായകനായി അവസാനം തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം. ആർ.ഡി.എക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രം പോലെ ആക്ഷന് പ്രാധാന്യമുള്ള മാസ് എന്റർടെയ്നറായിരിക്കും നഹാസ് ഹിദായത്ത് ഒരുക്കുന്നത് . ആന്റണി വർഗീസ്, വിനയ് ഫോർട്ട് എന്നിവർ ഇൗ ഷെഡ്യൂളിലുണ്ട്. കൊച്ചിയിലും ഹൈദരാബാദിലും ചിത്രീകരണമുണ്ട്. ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ് സംഭാഷണം. ചമൻ ചാക്കോ ആണ് എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശേരി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യു മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ രോഹിത് ചന്ദ്രശേഖർ, ഗാനരചന മനുമഞ്ജിത്- വിനായക് ശശികുമാർ,. വേഫെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം.