മദ്യം നൽകി സ്വർണവും പണവും കവർന്ന രണ്ടുപേർ അറസ്റ്റിൽ

Monday 28 April 2025 1:53 AM IST

ആറ്റിങ്ങൽ: മദ്യം നൽകി സ്വർണമാലയും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. വിവിധ സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയായ കീഴാറ്റിങ്ങൽ തിനവിള അങ്കണവാടിക്ക് സമീപം നെടിയവിള വീട്ടിൽ എറണ്ട എന്ന് വിളിക്കുന്ന രാജു (47), ചിറയിൻകീഴ് മേൽകടയ്ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ ചപ്രകുമാർ എന്ന് വിളിക്കുന്ന പ്രദീപ് (40) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 6ന് രാത്രി കടയ്ക്കാവൂർ സ്വദേശിയെ തിനവിളയിൽ നിന്ന് മോട്ടോർ സൈക്കിളിൽ കയറ്റി ആറ്റിങ്ങലിലെ ബാറിൽ കൊണ്ട് വന്ന് മദ്യം നൽകി.ശേഷം ബോധം കെടുത്തിയശേഷം ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റ് സ്റ്റാൻഡിന് പുറകിൽ കൊണ്ടുവന്ന് മർദ്ദിച്ച് അവശനാക്കിയ ശേഷം,കഴുത്തിൽ കിടന്ന മൂന്ന് പവന്റെ മാലയും, 25000 രൂപയും കവരുകയായിരുന്നു.

സംഭവത്തിനുശേഷം പരാതിക്കാരൻ മറിഞ്ഞ് വീണപ്പോൾ പരിക്കേറ്റെന്നാണ് വീട്ടുകാരോട് പറഞ്ഞത്. പിന്നീട് സത്യം മനസിലാക്കിയ വീട്ടുകാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാജു ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ് പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം,കൂട്ടക്കവർച്ച അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

1990 മുതലുള്ള കാലയളവിൽ 30 ഓളം കേസുകളിൽ പ്രതിയായുള്ള രാജു സംഭവത്തിനുശേഷം തൃശൂർ ചാവക്കാട് ഒളിവിൽ കഴിയുകയായിരുന്നു.രാജുവിനെ ചാവക്കാട് നിന്നും, കുമാറിനെ കഠിനംകുളം ഭാഗത്ത് നിന്നും ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു,ബിജു ഹക്ക്,എ.എസ്.ഐമാരായ രാധാകൃഷ്ണൻ,ശരത് കുമാർ, എസ്.സി.പി.ഒമാരായ അനിൽകുമാർ,നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.