അന്വേഷണ മികവ് : ജില്ലാ പൊലീസിന് ബിഗ് സല്യൂട്ട്
കോട്ടയത്തെ ഞെട്ടിച്ച തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതിയെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പിടികൂടിയ ജില്ലാ പൊലീസിന് തിരുനക്കര ചുറ്റുവട്ടത്തിന്റെ ബിഗ് സല്യൂട്ട്. എല്ലാ പഴുതുകളും അടച്ച് പ്രതിയെ ഞൊടിയിടയ്ക്കുള്ളിൽ കുടുക്കിയ അന്വേഷണമികവ് പ്രശംസയർഹിക്കുന്നു. പ്രതിക്ക് രക്ഷപ്പെടാൻ സാവകാശം ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ കണ്ടെത്താൻ ബുദ്ധിമുട്ടിയേനേ. കൊലപാതക വിവരം പുറംലോകം മറിയുന്നത് രാവിലെ ഒമ്പതരയോടെ ജോലിക്കാരി എത്തിയപ്പോഴായിരുന്നു. മുൻജോലിക്കാരനെതിരെ വീട്ടുടമ പരാതി നൽകിയതും കോടതി റിമാൻഡ് ചെയ്തതും പുറത്തിറങ്ങി വീണ്ടും പ്രശ്നമുണ്ടാക്കിയതുമെല്ലാം വേലക്കാരിയിൽ നിന്ന് പൊലീസ് മനസിലാക്കി. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം വീട്ടുജോലിക്കാരനായിരുന്ന അസം സ്വദേശി അമിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. വീട്ടുടമയുടെ മൊബൈലും മോഷണം പോയതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മാളയിൽ പ്രതി താമസിച്ച സ്ഥലം കണ്ടെത്തി നേരം പുലരും മുൻപ് വീട് വളഞ്ഞു പിടികൂടുകയായിരുന്നു.
ഒരു പറ്റം പൊലീസ് ഉദ്യോഗസ്ഥരുടെ വേഗതയേറിയ പ്രവർത്തനമാണ് പ്രതിയെ പെട്ടെന്ന് കുടുക്കാനായത്. ദൃക് സാക്ഷികളില്ലാത്ത സംഭവമായിട്ടും സൈബർ പൊലീസിനെയടക്കം പ്രയോജനപ്പെടുത്തി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അന്വേഷണ സംഘത്തിന് മാർഗനിർദ്ദേശം നൽകി. ആയിരത്തിലേറെ സി.സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. വീടുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ ചോദ്യംചെയ്തു. സമാന കുറ്റകൃത്യങ്ങൾ ചെയ്തവരുടെ പട്ടിക തയ്യാറാക്കി. ഒടുവിൽ അമിത് മാത്രമാണ് പ്രതിയെന്ന് ഉറപ്പിച്ചു. തെളിവ് നശിപ്പിക്കാൻ ഡി.വി.ആർ തോട്ടിൽ ഉപേക്ഷിച്ചെങ്കിലും കണ്ടെത്താനായി. വീട്ടുടമയുടെ മകന്റെ ദുരൂഹമരണവുമായി ദമ്പതികളുടെ കൊലയ്ക്ക് ബന്ധമുണ്ടെന്ന പ്രചാരണവും പൊലീസ് തള്ളി. വീട്ടുടമയോട് പ്രതിയ്ക്കുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് തെളിയിക്കാൻ പൊലീസിനായി. മക്കൾ വിദേശത്തും കൊട്ടാരം പോലുള്ള വീട്ടിനുള്ളിൽ ഒറ്റയ്ക്കും താമസിക്കുന്ന വൃദ്ധരായ നിരവധി ആളുകളുണ്ട്. അവരുടെ ജീവിതം സുരക്ഷിതമല്ലെന്നാണ് 16 സിസി ടി.വി ക്യാമറകളും , കാവൽനായ്ക്കളും, ഇലക്ട്രിക്ക് ഗേറ്റും, പത്തടിയിലേറെ ഉയരമുള്ള ചുറ്റുമതിലും , സെക്യൂരിറ്റിയുമെല്ലാം ഉണ്ടായിരുന്നിട്ടും വീട്ടിനുള്ളിൽ കയറി ഇരട്ടക്കൊല നടത്തി ആരുമറിയാതെ കൊലയാളി പുറത്തു കടന്ന സംഭവം ഓർമപ്പെടുത്തുന്നത്. അന്യ സംസ്ഥാന തൊഴിലാളികളായ നിരവധി ക്രിമിനലുകൾ ജോലിക്കാരായുണ്ട്. ഇവരുടെയൊന്നും പൂർവകാല ജീവിതം മനസിലാക്കാൻ പൊലീസിനും കഴിയുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചും ഇവരെ നാട്ടിലെത്തിക്കുന്നവരെക്കുറിച്ചും കർശന പരിശോധന ഉണ്ടാകണമെന്നാണ് ചുറ്റുവട്ടത്തിന് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കാനുള്ളത്.