സ്വന്തം ഗവേഷണങ്ങൾ പഠിപ്പിച്ച് പടിയിറങ്ങും ഡോ. നാഗേന്ദ്രപ്രഭു
ആലപ്പുഴ : സ്വന്തം ഗവേഷണപ്രബന്ധങ്ങൾ സിലബസിൽ കുട്ടികളെ പഠിപ്പിച്ച് പടിയിറങ്ങുകയാണ് ആലപ്പുഴ എസ്.ഡി കോളേജ് സുവോളി വിഭാഗം മേധാവിയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ വിദഗ്ദ്ധസമിതിയംഗവുമായ ഡോ.ജി.നാഗേന്ദ്രപ്രഭു. 30 വർഷം നീണ്ട ഔദ്യോഗികജീവിതം പൂർത്തിയാക്കി മേയ് 31ന് വിരമിക്കും.
എസ്.ഡി കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കുളവാഴ ഗവേഷണകേന്ദ്രത്തിലെ മുഖ്യ ഗവേഷകനാണ്. 25വർഷമായി നടത്തിയ പഠനങ്ങളാണ് കേരളസർവ്വകലാശാലയുടെ നാലുവർഷ ബിരുദകോഴ്സിൽ ഇടംപിടിച്ചത്.
'കുളവാഴയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ"-ഇതാണ് പാഠ്യഭാഗം.
അക്വാറ്റിക് ഇക്കോ സിസ്റ്റംസ് ആൻഡ് സസ്റ്റെയ്നബിൾ മാനേജ്മെന്റ് (ജലാശയ ആവാസവ്യവസ്ഥകളും സുസ്ഥിര പരിപാലനവും) എന്ന കോഴ്സിന്റെ രണ്ടാം സെമസ്റ്ററിലാണ് ഇത് ഉൾപ്പെടുത്തിയത്.
അദ്ധ്യാപിക ഡോ.പി.ബിന്ദു, ഐക്കോടെക് സ്റ്റാർട്ടപ്പ് സി.ഇ.ഒ വി.അനൂപ് കുമാർ, അംഗങ്ങളായ ഹരികൃഷ്ണ, എസ്.ആര്യ, ലക്ഷ്മി.കെ.ബാബു, നിവേദിത എന്നിവരാണ് വർഷങ്ങളായി പ്രഭുവിനൊപ്പം ഗവേഷണത്തിൽ പങ്കാളികളായത്.
മൂല്യവർദ്ധിത ഉത്പന്നങ്ങളും സ്റ്റാർട്ടപ്പും
കുളവാഴ സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാമെന്നും കുളവാഴ ശല്യം അതുവഴി കുറയ്ക്കാമെന്നും കണ്ടെത്തിയതോടെയാണ് നാഗേന്ദ്രപ്രഭുവിന്റെ മേൽനോട്ടത്തിൽ എസ്.ഡി കോളേജിൽ 'ഐക്കോടെക്' എന്നി വിദ്യാർത്ഥി സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ശ്രീനാരായണ ഗുരുവിന്റേത് ഉൾപ്പടെയുള്ള ശില്പങ്ങൾ, കടലാസ്, ബുക്ക്, പേന, കലണ്ടർ, പെയിന്റിംഗ്, ക്ഷണക്കത്തുകൾ, ബിസിനസ് കാർഡുകൾ, ലാംപ് ഷെയ്ഡുകൾ, ജൈവവളം, ഡിസ്പോസബിൾ പ്ലേറ്റ് തുടങ്ങി വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഐക്കോടെക് നിർമ്മിച്ച് വിതരണം നടത്തി. വസ്ത്രങ്ങളുടെ സ്റ്റോൺ വാഷ് പ്രക്രിയയ്ക്ക് മുതൽ പഴച്ചാറിലെ നാരിനെ ദ്രവിപ്പിക്കാൻ വരെ ഉപയോഗിക്കുന്ന സെല്ലുലേയ്സ് എൻസൈം, കുളവാഴയിൽ വളരുന്ന ബാക്ടീരികളിലൂടെ ഉത്പാദിപ്പിക്കുന്നതായിരുന്നു പ്രഭുവിന്റെ ആദ്യ കണ്ടെത്തൽ. പിന്നീടാണ് ഗ്രാമീണ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംരംഭങ്ങളിലേക്ക് ശ്രദ്ധതിരിച്ചത്.