പഹൽഗാം ഭീകരാക്രമണം: ഭീകരരെ സഹായിച്ച 200 പേർ കസ്റ്റഡിയിൽ
മൂന്ന് ഭീകരരുടെ വീടുകൾ തകർത്തു പടക്കപ്പലുകളിൽ നിന്ന് മിസൈൽ പരിശീലനം ഭീകരർ വന്ന വഴി കണ്ടെത്തി
ന്യൂഡൽഹി: ബൈസരനിലെ ഭീകരാക്രമണത്തിന് ചുട്ടമറുപടി നൽകാൻ ഇന്ത്യൻ സൈന്യം സുസജ്ജം. കര, വ്യോമ,നാവിക സേനകൾ പ്രഹരശേഷിക്ക് മൂർച്ചകൂട്ടി പരിശീലനം തുടങ്ങി. ഇന്നലെ വൈകിട്ട് സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ച് തയ്യാറെടുപ്പുകൾ വിശദീകരിച്ചു. തുടർന്ന് രാജ്നാഥ്സിംഗ് പ്രധാനമന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. മൂന്ന് ഭീകരരുടെ വീടുകൾ കൂടി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു തകർത്തു. ആകെ തകർത്ത വീടുകൾ 11ആയി. എൻ.ഐ.എ ഔപചാരികമായി അന്വേഷണം ഏറ്റെടുത്തു. കാശ്മീരിൽ ഭീകരർക്ക് ഒത്താശ ചെയ്തെന്ന്സംശയിക്കുന്ന 200ൽപ്പരം പേർ കസ്റ്റഡിയിലുണ്ട്.ഇതിൽ പ്രാദേശിക ആസൂത്രണത്തിന് നേരിട്ട് ഒത്താശ ചെയ്ത15പേരിൽ മൂന്നുപേരും കസ്റ്റഡിയിലുണ്ട്. കുപ്വാരയിൽ സാമൂഹിക പ്രവർത്തകൻ ഗുലാം റസൂൽ മാഗ്രെയെ വെടിവച്ചു കൊന്നു. വീട്ടിൽ കയറി വെടിയുതിർത്തത് ഭീകരരെന്ന് സൂചന. വ്യോമസേന അറബിക്കടലിൽ ബ്രഹ്മോസ് കപ്പൽവേധ, ഉപരിതലവേധ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു. കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയേഴ്സ്, നീൽഗിരി ക്ലാസ് ഫ്രിഗെറ്റ്, ക്രിവെക് ക്ലാസ് യുദ്ധക്കപ്പലുകളിൽ നിന്നാണ് ശത്രുവിന്റെ മിസൈലുകൾ കണ്ടെത്തി നശിപ്പിക്കുന്നതുൾപ്പെടെയുള്ള മിസൈലുകൾ തൊടുത്തത്. ദൃശ്യങ്ങൾ വ്യോമസേന പുറത്തുവിട്ടു. ഏതുസമയത്തും പ്രഹരിക്കാൻ സജ്ജമാണെന്ന് വ്യോമസേന വ്യക്തമാക്കി. നിയന്ത്രണരേഖയിൽ തുടർച്ചയായ മൂന്നാം ദിനവും വെടിനിറുത്തൽ കരാർ ലംഘിച്ച് തുത്മാരി ഗലി, രാംപൂർ സെക്ടറുകളിൽ പാകിസ്ഥാൻ ഷെല്ലിംഗ് നടത്തി. കരസേന രൂക്ഷമായ പ്രത്യാക്രമണം നടത്തി. ഭീകരന്മാർ ബൈസരനിലെത്തിയ വഴി എൻ.ഐ.എ തിരിച്ചറിഞ്ഞു. അനന്ത്നാഗ് കോക്കെർനാഗിൽ നിന്ന് 22 മണിക്കൂറിലേറെ സമയമെടുത്താണ് വനമേഖലകളിലെ ദുർഘടപാതകൾ താണ്ടി ഭീകരർ ബൈസരനിലെത്തിയത്. ദൃക്സാക്ഷികളുടെ സഹായത്തോടെ സംഭവം പുനരാവിഷ്കരിക്കും.
മറുപടി നൽകിയിരിക്കും:
പ്രധാനമന്ത്രി
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ആവർത്തിച്ചു. ഹൃദയത്തിൽ ആഴത്തിലുള്ള വേദനയാണെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിൽ' പറഞ്ഞു. കുറ്റവാളികൾക്കും ഗൂഢാലോചനക്കാർക്കും ഏറ്റവും കഠിനമായ മറുപടി നൽകും. പിന്നിൽ രാജ്യത്തിന്റെയും ജമ്മു കാശ്മീരിന്റെയും ശത്രുക്കളാണെന്ന് പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു.
537 പാകിസ്ഥാൻകാർ
ഇന്ത്യവിട്ടു
സമയപരിധി അവസാനിച്ച ഇന്നലെ, പാകിസ്ഥാനിലേക്ക് പോകാൻ അട്ടാരി- വാഗാ അതിർത്തിയിൽ വൻതിരക്കായിരുന്നു.ഇതുവരെ മൊത്തം 537 പാക് പൗരന്മാർ തിരികെ പോയി. ഇതിൽ 9 നയതന്ത്ര ഉദ്യോസ്ഥരും ഉൾപ്പെടുന്നു.
പാകിസ്ഥാനിൽ നിന്ന് 14 നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ 850 പേർ ഇന്ത്യയിലുമെത്തി. അവസാനകണക്കുകളിൽ മാറ്റം വന്നേക്കും. ഡൽഹിയിൽ മാത്രം 5000 പാക് പൗരന്മാരുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തി.
3.