വെള്ളനാട്ട് കുടിവെള്ളക്ഷാമം രൂക്ഷം
വെള്ളനാട്: വെള്ളനാട് ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വാട്ടർ അതോറിട്ടിയുടെ അനാസ്ഥയാണ് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്.
18 വാർഡുകളുള്ള പഞ്ചായത്തിലെ 12 വാർഡുകളിലും ജലക്ഷാമം രൂക്ഷമാണ്. പ്രദേശങ്ങളിലെ പൈപ്പുകളിൽ വെള്ളമെത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. വേനലിൽ കിണറുകളിൽ വെള്ളം വറ്റിയതോടെ വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
പമ്പ് സ്ഥാപിക്കാനായി ആറുമാസം മുൻപ് പഞ്ചായത്ത് ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വാട്ടർ അതോറിട്ടിക്ക് നൽകിയെങ്കിലും ഇതുവരെ പണികൾ ആരംഭിച്ചിട്ടില്ല. കുടിവെള്ളം ക്ഷാമം രൂക്ഷമായതോടെ പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയറുമായി പലതവണ ചർച്ചചെയ്തുവെങ്കിലും ഫലമുണ്ടായില്ല. മൂന്നുതവണ അരുവിക്കരയിലെ വാട്ടർഅതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയറെ വെള്ളനാട് പഞ്ചായത്തിലെ ജനപ്രതിനിധികൾ ചേർന്ന് ഉപരോധിച്ചിട്ടും നടപടിയുണ്ടായില്ല. എന്നാൽ ഇനി പഞ്ചായത്തിൽ കുടിവെള്ളക്ഷാമമുണ്ടായാൽ ജനങ്ങളുടെ പിന്തുണയോടെ സമരം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
വാട്ടർ അതോറിട്ടിയുടെ അനാസ്ഥയാണ് പഞ്ചായത്തിലെ കുടിവെള്ളവിതരണം തകരാറിലാകുന്നതിന് കാരണം. പമ്പ് സ്ഥാപിക്കാൻ പഞ്ചായത്ത് 25 ലക്ഷം രൂപ വാട്ടർഅതോറിട്ടിക്ക് നൽകിയെങ്കിലും ഇതുവരെ പണികൾ ആരംഭിച്ചിട്ടില്ല. വാട്ടർ അതോറിട്ടിയുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാകണം.
കെ.എസ്. രാജലക്ഷ്മി(പഞ്ചായത്ത് പ്രസിഡന്റ്).
വെള്ളനാട് ശ്രീകണ്ഠൻ(വൈസ് പ്രസിഡന്റ്).