വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി
ശംഖുംമുഖം/തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാവിലെ 9.30ഓടെ എയർപോർട്ട് മാനേജരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
തുടർന്ന് ബോംബ് ത്രട്ടണിംഗ് അസെസ്മെന്റ് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് ആഭ്യന്തര,രാജ്യാന്തര വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ കർശനമാക്കാനുള്ള ഫുൾഅലർട്ട് പ്രഖ്യാപിച്ചു. ടെർമിനലിനുള്ളിലും പുറത്തും സുരക്ഷാപരിശോധനകൾ കർശനമാക്കി. വാഹനങ്ങളും യാത്രക്കാരുടെ ലഗേജുകളും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പലതവണ പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിട്ടത്.
ഒരു വാഹനത്തിനും പാർക്കിംഗ് അനുവദിച്ചില്ല. പിന്നീട് ഭീഷണി സന്ദേശം വ്യാജമാണന്ന് കണ്ടെത്തിയെങ്കിലും പരിശോധനകൾ രാത്രിയും തുടർന്നു. എയർപോർട്ട് അധികൃതർ നൽകിയ പരാതിയിൽ പൊലീസും അന്വേഷണം നടത്തി. അതേസമയം തുടർച്ചയായുള്ള ബോംബ് ഭീഷണി അന്വേഷണ ഏജൻസികളെയും വിമാനത്താവള അധികൃതരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നും രണ്ട് മണിക്ക് പൊട്ടുമെന്നുമുള്ള സന്ദേശം പട്ടം ട്രാഫിക് പൊലീസ് സ്റ്രേഷനിലാണെത്തിയത്. തുടർന്ന് ട്രാഫിക് കൺട്രോൾറൂം അധികൃതർ വിവരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയതോടെ ലോക്കൽ പൊലീസ്,സ്റ്രേറ്ര് ഇന്റലിജൻസ്,ബോംബ് സ്ക്വാഡ്,ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് എന്നിവർ സംയുക്തമായി സ്റ്റേഷനിൽ പരിശോധന നടത്തി. ഏറെ നേരത്തെ തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വൈകുന്നേരത്തോടെ തെരച്ചിൽ മതിയാക്കി.
മുഴുവൻ പ്ലാറ്റ്ഫോമുകളും ട്രെയിനുകളും പാർസൽ ഓഫീസ് ഉൾപ്പെടെ സ്റ്രേഷനിലെ മുക്കും മൂലയും പൊലീസ് അരിച്ചുപെറുക്കി. പുറപ്പെടാൻ തയാറായിരുന്ന ചെന്നൈ മെയിൽ, ഇന്റർസിറ്റി എക്സ്പ്രസ്, മൂന്ന് മണിക്കെത്തിയ വന്ദേഭാരത് എന്നിവയിലും അധികൃതർ പരിശോധന നടത്തി. നാലുമണിക്ക് പുറപ്പെടാൻ തയ്യാറായിരുന്ന വന്ദേഭാരത് ട്രെയിനും പൊലീസ് വീണ്ടും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി. റെയിൽവേ സ്റ്രേഷനിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.