സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ അതിക്രമം: ഒരാൾ റിമാൻഡിൽ
കല്ലമ്പലം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിന് മുന്നിലെത്തി അസഭ്യം വിളിക്കുകയും സെക്രട്ടറിയുടെ ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ ഒരാൾ റിമാൻഡിൽ. പള്ളിക്കൽ പകൽകുറി കൊട്ടിയംമുക്ക് ചരുവിളപുത്തൻവീട്ടിൽ അവിനാഷ് മുരളിയാണ് റിമാൻഡിലായത്.
സി.പി.എം കൊട്ടിയംമുക്ക് ബ്രാഞ്ച് സെക്രട്ടറി സതീഷ്,ഭാര്യ രാജി എന്നിവരെയാണ് അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. അവിനാഷ് മുരളിയുടെ സുഹൃത്തായ ഫൈസൽ എന്നയാൾ രാസലഹരി വിൽക്കുന്നുവെന്ന് ആരോപിച്ച് എക്സൈസ് റെയ്ഡ് നടന്നതിന് പിന്നിൽ താനാണെന്ന് ആരോപിച്ചാണ് അതിക്രമമമെന്ന് സതീഷ് പറയുന്നു. അവിനാഷ് മുരളി ഇക്കഴിഞ്ഞ 23ന് രാത്രി സതീഷിന്റെ വീട്ടിലെത്തി അസഭ്യം വിളിക്കുകയായിരുന്നു. ഇതേക്കുറിച്ച് പള്ളിക്കൽ പൊലീസിൽ പരാതി നൽകി മടങ്ങി വരുമ്പോഴാണ് വീണ്ടും അതിക്രമമുണ്ടായയത്.
അവിനാഷിന്റെ അറസ്റ്റിനെ തുടർന്ന് പ്രകോപിതനായ സുഹൃത്ത് ഫൈസലും സതീഷിന്റെ വീട്ടിലെത്തി അസഭ്യവർഷം നടത്തിയിരുന്നു. ഇയാളെ അറസ്റ്റുചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.